Latest Malayalam News - മലയാളം വാർത്തകൾ

പ്രളയത്തിൽ പകച്ച് തെക്കൻ തമിഴ്നാട്; നിരവധി വീടുകൾ തകർന്നു, 7,500 ഓളം പേർ ക്യാംപുകളിൽ; രണ്ട് ജില്ലകൾക്ക് ഇന്നും അവധി

WEATHER NEWS TAMILNADU:ചെന്നൈ: അപ്രതീക്ഷിത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ പകച്ച് തെക്കൻ തമിഴ്നാട്. മിഷോങ് ചുഴലിക്കാറ്റ് വിതച്ച ദുരിതത്തിൽനിന്ന് ചെന്നൈയടക്കം കരകയറുന്നതിനിടെ തമിഴ്നാടിൻ്റെ തെക്കൻമേഖലയാണ് കനത്ത മഴയിൽ ദുരിതത്തിലായത്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകൾ മഴയെ തുടർന്ന് പ്രളയത്തിലാണ്. തിരുനെൽവേലിയിൽ മഴക്കെടുതിയിൽ മരണം മൂന്നായി. തിരുനെൽവേലിയിലും തൂത്തുക്കുടിയിലും ഇന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.തിങ്കളാഴ്ച രാവിലെ 8:30നും വൈകിട്ടു നാലിനും ഇടയിൽ തിരുനെൽവേലി ജില്ലയിൽ ശരാശരി 2.4 സെൻ്റിമീറ്റർ മഴ ലഭിച്ചു. ജില്ലയിലെ അമ്പാസമുദ്രം, പാളയംകോട്ട എന്നിവിടങ്ങളിൽ 8.8 സെൻ്റിമീറ്റർ, 4.4 സെൻ്റിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. വൈകുന്നേരം ആറുമണിവരെ കന്യാകുമാരി ജില്ലയിൽ ലഭിച്ചത് ശരാശരി 11 സെൻ്റിമീറ്റർ മഴയാണ്. ജില്ലയിലെ മൈലാടിയിൽ മാത്രം ലഭിച്ചത് 30 സെൻ്റിമീറ്റർ മഴയാണ്. തൂത്തുക്കുടി ജില്ലയിലെ കായൽപട്ടണത്ത് മാത്രം 95 സെൻ്റിമീറ്റർ മഴയാണ് ലഭിച്ചത്. ഇന്ന് മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ നിരവധി വീടുകൾ തകർന്നു. പ്രളയത്തിൽ കുടുങ്ങിയവരെ ഹെലികോപ്ടറുകൾ എത്തിച്ചും രക്ഷപ്പെടുത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടേതടക്കം 84 ഓളം ബോട്ടുകൾ എത്തിച്ചാണ് താഴ്ന്ന പ്രദേശങ്ങളിലടക്കം രക്ഷാപ്രവർത്തനം നടത്തുന്നത്. നാല് ജില്ലകളിലായി 84 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഏകദേശം 7,500 പേരെ മാറ്റിപ്പാർപ്പിച്ചു.

Leave A Reply

Your email address will not be published.