Latest Malayalam News - മലയാളം വാർത്തകൾ

ശബരിമലയിൽ തിരക്ക് അതിരൂക്ഷം; ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി

KERALA NEWS TODAY – ശബരിമല: ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍.
ഒരു ലക്ഷത്തിലധികം ഭക്തര്‍ ഒന്നിച്ചെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായത്. ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. അനിയന്ത്രിതമായി ഭക്തരെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വഭാവികമാണെന്നും മന്ത്രി പറഞ്ഞു.

ഒരു ലക്ഷത്തിലധികം ഭക്തരെത്തുമ്പോള്‍ ചില പ്രയാസങ്ങളുണ്ടാകും. അവ തരണംചെയ്യാന്‍ വേണ്ട ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഒരു ദിവസത്തിന്റെ പ്രശ്‌നമാണ്. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താന്‍ കഴിയുമോയെന്നുള്ള പരീക്ഷണമാണ് നടക്കുന്നത്.
അനിയന്ത്രിതമായി തിരക്ക് വരുമ്പോള്‍ സ്വഭാവികമായി ഉണ്ടാവുന്ന പ്രശ്‌നമാണ്, മന്ത്രി പറഞ്ഞു.

സ്‌പോട്ട് ബുക്കിങ്ങിന്റെ എണ്ണം കുറച്ചു. വിര്‍ച്വല്‍ ക്യൂവിലെ തൊണ്ണൂറായിരം എണ്‍പതിനായിരമായി കുറച്ചു. ഭക്തര്‍ക്ക് വേണ്ട വാഹനങ്ങളുള്‍പ്പടെയുള്ള സൗകര്യങ്ങൾ എത്തിച്ചു.
കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സംവിധാനങ്ങളൊരുക്കി. ബീറ്റ് ഫോറസ്റ്റ് ട്രെയിനികളുള്‍പ്പടെ കൂടുതല്‍ ആളുകളെ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഇരുമുടിക്കെട്ടില്ലാതെ ഭക്തര്‍ എത്തുന്നുണ്ട്.
അവര്‍ സ്വയം നിയന്ത്രിച്ച് ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തര്‍ക്കുവേണ്ടി മാറിക്കൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൂന്നു ദിവസമായി 15 മണിക്കൂറിലധികം ക്യൂനിന്ന ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം നടത്താനാകുന്നത്. തീര്‍ഥാടനപാതകളിലും മണിക്കൂറുകളോളമാണ് ഗതാഗതകുരുക്ക്.
നിലയ്ക്കല്‍ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. അവധി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരക്കില്‍ വലിയ മാറ്റമില്ല.

Leave A Reply

Your email address will not be published.