Latest Malayalam News - മലയാളം വാർത്തകൾ

പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

NATIONAL NEWS – ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാട്ടിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 452 വകുപ്പുകള്‍ പ്രകാരവും ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എംപിമാരും സന്ദര്‍ശകരും തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പുനഃപരിശോധിച്ചു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിന് പ്രത്യേക സ്ഥലം സജ്ജീകരിച്ചിട്ടുണ്ട്.
എംപിമാര്‍ക്കുള്ള സ്മാര്‍ട്ട് ഐഡന്റിറ്റി കാര്‍ഡുകളും ആളെ തിരിച്ചറിയാനുള്ള സംവിധാനങ്ങളും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സി.ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങ്ങിന്റെ കീഴില്‍ മറ്റ് സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള അംഗങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
വീഴ്ചകള്‍ കണ്ടെത്തി തുടര്‍നടപടി ശുപാര്‍ശ ചെയ്യാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ലോക്സഭയുടെ ശൂന്യവേളയില്‍ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്പ്രേ ചെയ്യുകയായിരുന്നു.
ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു.
മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.

Leave A Reply

Your email address will not be published.