KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് റെയിൽവേ. ചെന്നൈ – കോട്ടയം റൂട്ടിലാണ് വന്ദേ ഭാരത് അനുവദിച്ചിരിക്കുന്നത്. പതിനഞ്ചാം തീയതി മുതൽ 24 വരെയാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ദിവസത്തെ സ്പെഷ്യൽ സർവീസാണ് അനുവദിച്ചിരിക്കുന്നത്. 15, 17, 22, 24 തീയതികളിലാണ് സർവീസ്.ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 4.30 ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ വൈകുന്നേരം 4.15ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തും. തിരിച്ച് ഇതേ ട്രെയിൻ പിറ്റേദിവസം രാവിലെ 4.40ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അന്ന് വൈകുന്നേരം 5.15ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ സ്റ്റേഷനിലെത്തും.എട്ട് കോച്ചുകളുള്ള റേക്ക് ആണ് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിലും തിരിച്ച് കോട്ടയത്ത് നിന്ന് ശനി, തിങ്കൾ ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും. പതിനാലാം തീയതി വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.ശബരിമലയിലെ തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ റെയിൽവേ അനുവദിച്ചത്.