Latest Malayalam News - മലയാളം വാർത്തകൾ

ലഹരിക്കേസുകളിലെ പ്രതികള്‍ക്ക് ഇനി പരോളില്ല: ശിക്ഷാ ഇളവുകള്‍ റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ്

KERALA NEWS TODAY – കൊച്ചി: ലഹരിക്കേസുകളിലെ ശിക്ഷാ ഇളവുകള്‍ ആഭ്യന്തരവകുപ്പ് റദ്ദാക്കി.
ലഹരി കേസ് തടവുകാരുടെ പരോൾ റദ്ദാക്കിയതായി സർക്കാർ ഉത്തരവിറക്കി. സാധാരണ, അസാധാരണ അവധികളും സര്‍ക്കാര്‍ റദ്ദാക്കി.
ലഹരിക്കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്. ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് ആഭ്യന്തര വകുപ്പിൻ്റെ പുതിയ ഉത്തരവ്.

സ്‌കൂള്‍ കുട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവരുന്നു എന്നത് സര്‍ക്കാര്‍ ഗസറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തിലാണ് ലഹരി കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെ ശിക്ഷാകാലാവധി കഴിയുന്നതുവരെ സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടതാണെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്.

നേരത്തെ മറ്റു തടവുകാര്‍ക്കുള്ളതുപോലെ ലഹരി കേസ് പ്രതികള്‍ക്കും പരോളിന് അര്‍ഹതയുണ്ടായിരുന്നു.
സാധാരണ അവധി, അസാധാരണ അവധി എന്നിങ്ങനെ പരോള്‍ അനുവദിച്ചു കിട്ടുമായിരുന്നു. ആ പരോളുകള്‍ ഇനിമുതല്‍ ഉണ്ടായിരിക്കില്ല എന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. പരോളിലിറങ്ങുന്ന തടവുകാര്‍ കുറ്റകൃത്യം ആവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ നിരീക്ഷിച്ചു.
അതോടെ കേസിന്റെ ഗൗരവ സ്വഭാവം ഇല്ലാതാകുന്നതായും സമൂഹത്തില്‍ ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതായുമാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. അതിനാലാണ് ശക്തമായ നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്.
പുതിയ ഉത്തരവ് പ്രകാരം ലഹരി കേസില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ ശിക്ഷാകാലയളവ് പൂര്‍ണമായും ജയിലില്‍ തന്നെ തുടരേണ്ടിവരും.

സംസ്ഥാനത്തെ ജയിലുകളില്‍ ഇപ്പോഴുള്ള തടവുകാരില്‍ ഭൂരിഭാഗവും പോക്‌സോ കേസുകളിലും ലഹരി കേസുകളിലും ഉള്‍പ്പെട്ടവരാണ്.
പോക്‌സോ കേസുകളിലെ പ്രതികള്‍ക്ക് നേരത്തെ പരോള്‍ പോലെയുള്ള ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരുന്നില്ല. അക്കൂട്ടത്തിലേക്കാണ് ലഹരി കേസുകളില്‍ ഉള്‍പ്പെട്ട തടവുകാര്‍കൂടി വരുന്നത്.

Leave A Reply

Your email address will not be published.