Latest Malayalam News - മലയാളം വാർത്തകൾ

മിഷന്‍ ഇന്ദ്രധനുഷ്: കേരളത്തില്‍ വാക്‌സിന്‍ നല്‍കേണ്ടത് 1,16,000 കുട്ടികള്‍ക്ക്

KERALA NEWS TODAY – തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മികച്ച നിലയില്‍ പൂര്‍ത്തിയാക്കാനാകാതെ പോയ വാക്‌സിനേഷന്‍ പദ്ധതി പൂര്‍വ്വാധികം ശക്തിയോടെ നടപ്പിലാക്കാനൊരുങ്ങുന്നു.
മിഷന്‍ ഇന്ദ്രധനുഷ് എന്ന് പേരിട്ടിരിക്കുന്ന രാജ്യവ്യാപകമായ കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 1,16589 കുട്ടികളെയാണ് വാക്‌സിന്‍ നല്‍കേണ്ടവരായി കണ്ടെത്തിയിരിക്കുന്നത്.
ഇതിനൊപ്പം 18744 ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കും.

ഓഗസ്റ്റ് ഏഴ് മുതല്‍ ഒക്ടോബര്‍ 14 വരെ മൂന്ന് ഘട്ടമായി നീണ്ടുനില്‍ക്കുന്ന തീവ്ര വാക്‌സിനേഷന്‍ യജ്ഞത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഭാര്യമാരും ഉള്‍പ്പെടുന്നുണ്ട്.

സംസ്ഥാനത്ത് വാക്‌സിനേഷനില്‍ പിന്നാക്കം നില്‍ക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളെയും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യവും ചേരികളുടെ എണ്ണവും കണക്കിലെടുത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളെയും ഇത്തവണ അതീവശ്രദ്ധ കൊടുത്ത് വാക്‌സിനേഷന്‍ നടപ്പിലാക്കും.

മീസില്‍സ്, റുബെല്ല, ഡിഫ്തീരിയ, പെര്‍ട്ടൂസിസ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ വാക്‌സിനുകളാണ് പ്രധാനമായും കുട്ടികള്‍ക്ക് നല്‍കുക.
വാക്‌സിനുകള്‍ വിട്ടുപോയിട്ടുള്ള 23 മാസം വരെ പ്രായമായ കുട്ടികള്‍, എംആര്‍-1, എംആര്‍-2, ഡിപിറ്റി ബൂസ്റ്റര്‍, ഒപിവി ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയിട്ടുള്ള രണ്ടുമുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍, വാക്‌സിന്‍ എടുക്കാത്ത ഗര്‍ഭിണികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് മിഷന്‍ ഇന്ദ്രധനുഷിന്റെ അഞ്ചാമത്തെ യജ്ഞം നടക്കുക.

ആദ്യഘട്ടം ഓഗസ്റ്റ് ഏഴുമുതല്‍ 12 വരെയും രണ്ടാംഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയുമാണ് നടക്കുക. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷന്‍ ദിവസങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലുവരെ വാക്‌സിനേഷന്‍ നടത്തും. വിദൂരകേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിനേഷന്‍ നടത്താന്‍ സഞ്ചരിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമുണ്ടാകും.

Leave A Reply

Your email address will not be published.