Latest Malayalam News - മലയാളം വാർത്തകൾ

റീല്‍സിലെ ‘മീശ’ വീണ്ടും അഴിക്കുള്ളില്‍

KERALA NEWS TODAY – തിരുവനന്തപുരം: ബലാത്സംഗക്കേസിന് പിന്നാലെ ടിക് ടോക്-ഇന്‍സ്റ്റഗ്രാം താരമായ ‘മീശ വിനീത്’ എന്ന വിനീത്(26) കവര്‍ച്ചാക്കേസിലും പിടിയില്‍.
മോഷ്ടിച്ച സ്‌കൂട്ടറിലെത്തി കണിയാപുരത്തെ പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിലാണ് ഇന്‍സ്റ്റഗ്രാം റീല്‍സിലെ ‘മീശ’യെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൂട്ടാളിയായ കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജിത്തു(22)വും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

മാര്‍ച്ച് 23-ാം തീയതി കണിയാപുരത്തെ എസ്.ബി.ഐ. ബാങ്ക് ശാഖയുടെ മുന്നില്‍വെച്ചാണ് വിനീതും കൂട്ടാളിയും പണം കവര്‍ന്നത്.
കണിയാപുരം നിഫി ഫ്യൂവല്‍സിലെ മാനേജര്‍ ഷാ ഉച്ചവരെയുള്ള കളക്ഷന്‍ തുക ബാങ്കിലടയ്ക്കാന്‍ എത്തിയപ്പോഴാണ് രണ്ടുപേര്‍ പണം പിടിച്ചുപറിച്ചത്.
ബാങ്കിന് മുന്‍വശമുണ്ടായിരുന്ന ജനറേറ്ററിന് പിന്നില്‍ ഒളിച്ചിരുന്ന പ്രതികളിലൊരാള്‍ ഷാ അടുത്തെത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണമടങ്ങിയ പൊതി തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
പിന്നാലെ സമീപത്ത് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ കയറി പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. ഷാ ഇവരെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.

സംഭവസമയത്ത് രണ്ടുപ്രതികളും ഹെല്‍മെറ്റ് ധരിച്ചിരുന്നു. സ്‌കൂട്ടറിന്റെ നമ്പര്‍പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലുമായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചയുടന്‍ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു. പോത്തന്‍കോട് ഭാഗത്തേക്കാണ് പ്രതികള്‍ പോയതെന്ന വിവരം ലഭിച്ചതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കി.
തുടര്‍ന്നാണ് പ്രതികള്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സ്‌കൂട്ടര്‍ നഗരൂരില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പിന്നീട് കണ്ടെത്തി. തുടര്‍ന്ന് നിരവധി സിസിടിവി ക്യാമറകളും മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പോത്തന്‍കോട്ട് സ്‌കൂട്ടര്‍ ഉപേക്ഷിച്ച പ്രതികള്‍ വെഞ്ഞാറമൂട് ഭാഗത്തേക്ക് ഓട്ടോറിക്ഷയിലാണ് രക്ഷപ്പെട്ടത്. ഇതിനുശേഷം തൃശ്ശൂരിലേക്ക് കടക്കുകയായിരുന്നു.
തൃശ്ശൂരില്‍ ഒളിവില്‍കഴിഞ്ഞുവരുന്നതിനിടെയാണ് രണ്ടുപ്രതികളും പോലീസിന്റെ പിടിയിലായത്. പമ്പ് മാനേജരില്‍നിന്ന് മോഷ്ടിച്ച പണം ഉപയോഗിച്ച് മീശ വിനീത് പുതിയ ബുള്ളറ്റ് ബൈക്ക് വാങ്ങിയെന്നാണ് പോലീസ് നല്‍കുന്നവിവരം. കടങ്ങള്‍ തീര്‍ക്കാനും പണം വിനിയോഗിച്ചിരുന്നു.

മീശ വിനീതിനെതിരേ പത്തുമോഷണക്കേസുകള്‍ നിലവിലുണ്ട്.
ഇതിനുപുറമേ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ തമ്പാനൂര്‍ സ്റ്റേഷനിലും കേസുണ്ട്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ വിനീത് ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
ഇതിനുശേഷവും പ്രതി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു. ഇതിനിടെയാണ് വീണ്ടും കവര്‍ച്ചാക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

Leave A Reply

Your email address will not be published.