NATIONAL NEWS: പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 4.35-നാണ് വെടിവെപ്പുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈനിക കേന്ദ്രം സീൽ ചെയ്തു.
സംഭവം ഒരു ഭീകരാക്രമണം അല്ലെന്നും പുറത്തുനിന്ന് ആരുംഅകത്ത് നുഴഞ്ഞുകയറിയിട്ടില്ലെന്നുമാണ് പഞ്ചാബ് പോലീസ് നൽകുന്ന വിവരം.
അകത്തുതന്നെ ഉണ്ടായ ആഭ്യന്തരപ്രശ്നം മൂലം ഉണ്ടായ വെടിവെപ്പാകാമെന്നാണ് സൂചന. സംഭവത്തിൽ ഒരാൾ പിടിയിലായതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സൈന്യത്തിന്റെ ദ്രുതകർമ്മസേന സംഭവസ്ഥലത്തുണ്ട്. പ്രദേശത്ത് ശക്തമായ തിരച്ചിൽ തുടരുകയാണ്. അതിർത്തി സംസ്ഥാനം എന്ന നിലയിൽ പഞ്ചാബിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലും അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
നേരത്തെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ നിന്ന് റൈഫിളും 28 വെടിയുണ്ടകളും കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. പിടിയിലായ ആളിൽനിന്ന് സൈനിക കേന്ദ്രത്തിൽ നിന്ന് കാണാതായി പറയപ്പെടുന്ന റൈഫിൾ കണ്ടെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ഇക്കാര്യത്തിൽ സൈന്യം ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.