Latest Malayalam News - മലയാളം വാർത്തകൾ

മാധ്യമ വേട്ട എല്ലാ പരിധികളും ലംഘിക്കുന്നു: ഒ എം പി സി

 

KERALA NEWS TODAY- കൊച്ചി: ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റുകളെ പോലും നാണിപ്പിക്കും വിധമാണ് പിണറായി സർക്കാരിൻ്റെയും കേരള പോലീസിൻ്റെയും പ്രവർത്തനങ്ങളെന്ന് ഓൺലൈൻ മീഡിയ പ്രസ്‌ക്ലബ് ദേശീയ നിർവാഹകസമിതി യോഗം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരും സംസ്‌ഥാന സർക്കാരും മത്സരിച്ച് മാധ്യമങ്ങളെ വേട്ടയാടുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കും ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനും എതിരായ കേസുകൾ.

ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം.
അത് തടസ്സപ്പെടുത്തുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല.
വഴങ്ങാത്തവരുടെ മേൽ വിലക്ക് ഏർപ്പെടുത്തിയും ഓഫീസുകളിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് റെയ്ഡ് നടത്തിയും കേസെടുത്ത് ഭീഷണിപ്പെടുത്തിയും മോദി സർക്കാർ നടത്തുന്ന ഫാസിസ്റ്റ് പ്രവർത്തനങ്ങൾ തന്നെയാണ് കേരളത്തിൽ പിണറായി സർക്കാരും പിന്തുടരുന്നത്.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്നതിനിടെയാണ് മോദി, പിണറായി സർക്കാരുകൾ മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം നടത്തുന്നത്.
സ്വതന്ത്രമായ മാധ്യമ പ്രവർത്തനം പോലും വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലും നിലനിൽക്കുന്നത്.
ബിജെപി ഭരണകൂടങ്ങൾ വാഴുന്ന സംസ്ഥാനങ്ങളുടെ അതേ അവസ്ഥയാണ് കേരളത്തിലും.
സർക്കാരിൻ്റെ വഴിവിട്ട നടപടികൾ തുറന്നുകാണിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്ന പിണറായി വിജയൻ ലക്ഷണമൊത്ത ഫാസിസ്റ്റാണ്.

ഭരണഘടന ഉറപ്പാക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള ഈ കടന്നുകയറ്റം അംഗീകരിക്കാനാവില്ല.
മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി തെരുവിലിറങ്ങുകയും അധര വ്യായാമം നടത്തുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടവും അതിനെ നയിക്കുന്ന സിപിഐഎമ്മും കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഇത്തരത്തിൽ നേരിടുന്നത് വഴി അവരുടെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നത്.

അവകാശപ്പോരാട്ടങ്ങൾക്ക് വേണ്ടി എന്നും മുന്നിൽ നിന്നൂട്ടുള്ള സിപിഐഎമ്മിന് ഒട്ടും ഭൂഷണമല്ല ഇത്തരം നടപടികൾ.
ഇത്തരം ഫാസിസ്റ്റ് സമീപനങ്ങൾക്ക് കൂട്ട് നിൽക്കുന്ന പോലീസ് സംവിധാനം രാജ്യത്തിനാകെ നാണക്കേടാണെന്നും യോഗം കുറ്റപ്പെടുത്തി.
ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബ് ദേശീയ പ്രസിഡന്റ് കെ വി ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ദേശീയ ചെർമാൻ ഡോ. ടി വിനയകുമാർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടി ആർ ദേവൻ പ്രമേയം അവതരിപ്പിച്ചു.
വൈസ് ചെയർമാൻമാരായ പി ആർ സോംദേവ്, സൂര്യദേവ് മത്ര, സെക്രട്ടറിമാരായ രാഹുൽ ചക്രപാണി, അജിത ജയ് ഷോർ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.