NATIONAL NEWS – ശ്രീനഗർ : ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു.
ഈ സൈനികരില്‍ നിന്ന് നാല് എകെ 47 തോക്കുകള്‍ ഭീകരർ തട്ടിയെടുത്തു. ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും അവര്‍ തിരിച്ചടിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് തിരച്ചില്‍ ഏറ്റുമുട്ടലായി മാറിയത്.
ഹലന്‍ വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്.
‘കുല്‍ഗാമിലെ ഹലാനില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 4 ന് സുരക്ഷാ സേന ഓപ്പറേഷന്‍ ആരംഭിച്ചു.
ഭീകരരുമായുണ്ടായ വെടിവയ്പില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും അവര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
തിരച്ചില്‍ തുടരുകയാണ്.’ ശ്രീനഗര്‍ ആസ്ഥാനമായ ചിനാര്‍ കോര്‍പ്‌സ് ഓഫ് ആര്‍മി ട്വീറ്റില്‍ പറഞ്ഞു.
കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സൈന്യവും കുല്‍ഗാം പോലീസും സംയുക്തമായി തിരച്ചില്‍ തുടരുകയാണ് കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു. നേരത്തെ ഏപ്രില്‍, മെയ് മാസങ്ങളില്‍ പൂഞ്ച്, രജൗരി ജില്ലകളില്‍ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ പത്തോളം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.