Latest Malayalam News - മലയാളം വാർത്തകൾ

ഡെങ്കിപ്പേടിയില്‍ കേരളം; രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

HEALTH NEWS THIRUVANTHAPURAM :സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വര്‍ഷം ചികിത്സ തേടിയത്. 105 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചു. ഇതില്‍ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് നേരത്തെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നില്ലെന്ന സാങ്കേതിക കാരണത്താലാണ് ഈ മരണങ്ങളെ സംശയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഡെങ്കി കേസുകളില്‍ കേരളമാണ് മുന്നില്‍. കര്‍ണ്ണാടകയും മഹാരാഷ്ട്രയുമാണ് തൊട്ടുപിന്നില്‍. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 56ശതമാനം വര്‍ദ്ധനവുണ്ട്. കഴിഞ്ഞവര്‍ഷം 4468 കേസുകള്‍ മാത്രമായിരുന്നു.കഴിഞ്ഞവര്‍ഷം 58 മരണങ്ങളുമുണ്ടായി. ഡെങ്കി കേസുകളില്‍ വലിയവര്‍ദ്ധന ഇക്കുറി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു.രോഗവ്യാപനം കുറയ്ക്കാന്‍ തദ്ദേശവകുപ്പിന്റെ പങ്കാളിത്തത്തോടെ കൊതുക് നിര്‍മ്മാര്‍ജ്ജനം ഉള്‍പ്പെടെ ആവിഷ്‌കരിച്ചെങ്കിലും പലയിടങ്ങളിലും കാര്യമായി നടപ്പായില്ലെന്നതിന് തെളിവാണ് കേസുകളിലെ വര്‍ദ്ധന. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ കേസുകള്‍ ഇനിയും കൂടാനുള്ള സാദ്ധ്യതയാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Leave A Reply

Your email address will not be published.