National News-കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുരയിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു.
ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. 12 ബോഗികൾ പാളം തെറ്റി. ഒരു ട്രെയിനിൻ്റെ പിറകിൽ രണ്ടാമത്തെ ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ലെങ്കിലും ഗുഡ്‌സ് ട്രെയിനുകളിലൊന്നിൻ്റെ ലോക്കോ പൈലറ്റിന് നിസാര പരിക്കേറ്റു.
സിഗ്നൽ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
അപകടത്തെ തുടർന്ന് ഖരഗ്പുർ- ബങ്കുര-ആദ്ര പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. എത്രയും വേഗം ബോഗികൾ നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അതേസമയം, അപകടകാരണവും ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചതിൻ്റെ സാഹചര്യവും വ്യക്തമല്ലെന്ന് റെയിൽവേ അറിയിച്ചു. ഒഡിഷയിലെ ബാലസോറിൽ രണ്ട് ട്രെയിനുകൾ പാളംതെറ്റിയുണ്ടായ അപകടം നടന്ന് ആഴ്ചകൾക്ക് പിന്നാലെയാണ് സിഗ്നലിൽ തെറ്റി വീണ്ടും ട്രെയിനുകൾ കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായത്.
National News