KERALA NEWS TODAY- മാവേലിക്കര: മാവേലിക്കര പുന്നമ്മൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുകാരി നക്ഷത്രയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം പത്തിയൂരിൽ അമ്മ വിദ്യയുടെ വീട്ടുവളപ്പിൽ നടക്കും. സംഭവുമായി ബന്ധപ്പെട്ട് പിതാവ് ശ്രീമഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്യുകയാണ്.
ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാൾ നൽകുന്നതെന്ന് പൊലീസ് അറിയിച്ചു.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രതി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും സൂചനയുണ്ട്.
ഇയാൾ പൊലീസ് കസ്റ്റഡിയിലും അക്രമാസക്തനാണ്. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്.
ശ്രീമഹേഷിൻറെ വെട്ടേറ്റ അമ്മ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെയാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നക്ഷത്രയെ സ്വന്തം അച്ഛൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.
വൈകിട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്.
ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തിയ ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാൾ ശ്രമിച്ചു.
നക്ഷത്രയുടെ അമ്മ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം ശ്രീമഹേഷും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര വാശി പിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പൊലീസ് പറയുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്.