NATIONAL NEWS – ഡൽഹി: വാഹനങ്ങളുടെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റിലും വ്യാജന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശംനല്‍കി.
വാഹന നിര്‍മാണക്കമ്പനികള്‍ ഷോറൂമുകളിലൂടെയോ, അംഗീകൃത ഏജന്‍സികള്‍ വഴിയോ മാത്രമേ ഇവ വില്‍ക്കാന്‍പാടുള്ളൂ.
സ്വകാര്യസ്ഥാപനങ്ങള്‍വഴിയുള്ള അനധികൃത വില്‍പ്പനതടയാന്‍ സര്‍ക്കാര്‍ മോട്ടോര്‍വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു.
അംഗീകൃത ഏജന്‍സികള്‍ നമ്പര്‍പ്ലേറ്റ് വിതരണത്തിന് ഉപകരാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അവ റദ്ദാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പുതിയവാഹനങ്ങളുടെ രജിസ്ട്രേഷന്‍ വേളയില്‍ നമ്പര്‍ പ്‌ളേറ്റുകള്‍ ഷോറൂമില്‍നിന്ന് പിടിപ്പിക്കാറുണ്ട്.
രണ്ട് നമ്പര്‍ പ്ലേറ്റുകളുടെയും സീരിയല്‍ നമ്പറുകള്‍, വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ഹോളോഗ്രാം പതിച്ച സ്റ്റിക്കര്‍ വാഹനത്തിന്റെ മുന്‍ഗ്ലാസില്‍ പതിക്കും.
റിവേറ്റ് ഉപയോഗിച്ച് പിടിപ്പിക്കുന്ന നമ്പര്‍പ്ലേറ്റുകളുടെ വിവരങ്ങള്‍ വാഹന്‍ സോഫ്റ്റ്വേറിലെ രജിസ്ട്രേഷന്‍ വിശദാംശങ്ങളിലും ഉള്‍ക്കൊള്ളിക്കും.
നമ്പര്‍പ്ലേറ്റ് ഇളക്കിയാല്‍ തിരിച്ച് പിടിപ്പിക്കാന്‍ കഴിയില്ല. ഉപയോഗത്തിലുള്ള വാഹനങ്ങളില്‍ ഷോറൂമിനെ സമീപിച്ച് പുതിയ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാം.
വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കാതെ ചില സ്വകാര്യസ്ഥാപനങ്ങള്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വില്‍പ്പനനടത്തുന്നതായാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.
അസല്‍ നമ്പര്‍പ്ലേറ്റുകള്‍ക്ക് സമാനമാണ് ഇവയും. നമ്പര്‍പ്ലേറ്റിലെ വിവരങ്ങള്‍ രജിസ്ട്രേഷന്‍ വിശദാംശങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നുമില്ല.
സംസ്ഥാനത്തും ചില സ്ഥാപനങ്ങള്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വിതരണംചെയ്യാന്‍ അനുമതിയുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. രേഖകളുടെ അഭാവത്തില്‍ ഇവയില്‍ ചിലതിന്റെ പ്രവര്‍ത്തനം മോട്ടോര്‍വാഹനവകുപ്പ് തടഞ്ഞിരുന്നു.
ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ- പുണെ, സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്- ഡല്‍ഹി, വെഹിക്കിള്‍ റിസര്‍ച്ച് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്- അഹമ്മദ്നഗര്‍, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജി- മനേസര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട്- പുണെ, ഗ്ലോബല്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് സെന്റര്‍- ചെന്നൈ, എന്നിവയാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.