KOLLAM NEWS- എഴുകോൺ: ഇഎസ്ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ, ഇതേ ആശുപത്രിയിലെ ജീവനക്കാരി ഇടയ്ക്കോട് കാർത്തികയിൽ ചിഞ്ചു രാജിന്റെ (31) വയറ്റിൽ ശസ്ത്രക്രിയ സാമഗ്രി വച്ചു തുന്നിക്കെട്ടിയ സംഭവവുമായി ബന്ധപ്പെട്ടു 2 ഡോക്ടർമാരെ സംസ്ഥാനത്തിനു പുറത്തേക്കു സ്ഥലം മാറ്റി.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വി.ഇന്ദിര, ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ.എൽ.ധന്യ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ഡോ.ധന്യയ്ക്കു ഗുജറാത്തിലെ ബാപ്പു നഗറിലേക്കും ഡോ.ഇന്ദിരയെ രാജസ്ഥാനിലെ ഉദയ്പൂരിലേക്കും ആണ് മാറ്റിയത്.
ഡോ.ധന്യയെ ഇതിനിടെ ജനറൽ ട്രാൻസ്ഫറിൽ ആശ്രാമം ഇഎസ്ഐയിലേക്കു മാറ്റിയിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ പുതിയ സ്ഥലത്തേക്കു മാറ്റിയത്.
ഈ വർഷം മാർച്ച് 11ന് ആയിരുന്നു ചിഞ്ചു രാജിന്റെ പ്രസവ ശസ്ത്രക്രിയ.
ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നു വയറിന്റെ എക്സ്‌റേ എടുക്കുകയും സ്കാൻ ചെയ്യുകയും ചെയ്തപ്പോൾ രക്തം തുടയ്ക്കാൻ ഉപയോഗിക്കുന്ന സർജിക്കൽ മോപ് ഉള്ളിൽ കുടുങ്ങിയതായി കണ്ടെത്തുകയും വീണ്ടും ശസ്ത്രക്രിയ നടത്തി അതു നീക്കം ചെയ്യുകയുമായിരുന്നു.
ഗുരുതരാവസ്ഥയിലായ യുവതിയെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റേണ്ടി വന്നു.
സംഭവം വിവാദമായതോടെ ഇഎസ്ഐ സോണൽ മെഡിക്കൽ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ശസ്ത്രക്രിയയിലെ വീഴ്ച ചൂണ്ടിക്കാട്ടിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി എന്നാണു വിവരം.
കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിനെ നേരിൽ കണ്ടു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ഉന്നതതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധങ്ങളും ആശുപത്രിയിൽ അരങ്ങേറിയിരുന്നു.