Kerala News Today-കണ്ണൂർ: മാധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് സിപിഎം പ്രവർത്തകരെന്ന് ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജൻ.
എല്ലാ കാലത്തും മാധ്യമ സംരക്ഷണത്തിന് വേണ്ടി പാർട്ടി പ്രവർത്തിച്ചിട്ടുണ്ട്. പി എം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിൽ ഉത്കണ്ഠ വേണ്ടെന്നും ഇന്ത്യയിൽ മറ്റാരേക്കാളും ഇടത് പക്ഷമാണ് മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തെ സിപിഐഎം തടസപ്പെടുത്തിയിട്ടില്ല. സാധാരണ അന്വേഷണ നടപടി മാത്രമാണ് മാധ്യമ പ്രവർത്തകയുടെ കാര്യത്തിലുള്ളത്.
പരാതി കിട്ടിയാൽ അന്വേഷിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.
മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കലാണ് ഇടതുപക്ഷ സമീപനം. ഒരാൾക്കെതിരെയും തെറ്റായ നിലപാട് സ്വീകരിച്ചിട്ടില്ല. തെറ്റായ പ്രചാരണം അവസാനിപ്പിക്കണം.
പരാതി കൊടുത്തിട്ട് അന്വേഷിച്ചില്ലെങ്കിൽ വിമർശനമുണ്ടാകുമെന്നും ഇ പി പറഞ്ഞു.
Kerala News Today