Latest Malayalam News - മലയാളം വാർത്തകൾ

പകർച്ചപ്പനിക്കൊപ്പം കോവിഡും പടരുന്നു‌; സംസ്ഥാനത്തും ജെ.എൻ.വൺ വകഭേദം

KERALA NEWS TODAY – തിരുവനന്തപുരം: പകർച്ചപ്പനിക്കൊപ്പം സംസ്ഥാനത്ത് കോവിഡ്ബാധിതരുടെ എണ്ണവും ഉയരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾപ്രകാരം സംസ്ഥാനത്ത് ബുധനാഴ്ച ചികിത്സയിലുള്ളത് 949 പേരാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 100-നും 150-നും ഇടയിലാണ്.
ഒരുമാസത്തിടെയാണ് രോഗികളുടെ എണ്ണം ഉയർന്നുതുടങ്ങിയത്.

രാജ്യത്ത് ചികിത്സയിൽക്കഴിയുന്ന കോവിഡ് ബാധിതരിൽ ഏറെയും കേരളത്തിലാണ്.
1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. കേരളത്തിൽ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമമായതിനാലാണ് കണക്ക് ഉയർന്നുനിൽക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

സംസ്ഥാനതലത്തിലെ വിവരങ്ങൾ കേന്ദ്രത്തിന് കൈമാറുന്നുണ്ടെങ്കിലും ഇത് സംസ്ഥാനത്ത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറല്ല.
അതിനാൽ ആൾക്കൂട്ടങ്ങളിലെ ജാഗ്രതക്കുറവ് കോവിഡ് പകരാൻ സാഹചര്യം ഒരുക്കുന്നുണ്ട്.

ഗുരുതര കോവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ പ്രവേശിപ്പിക്കാൻ ചില ആശുപത്രികൾ മടിക്കുന്നതായും പരാതിയുണ്ട്.

കോവിഡ് രോഗനിർണയം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ഡോക്ടർമാരും പറയുന്നു.

അമേരിക്കയിലും മറ്റും അടുത്തയിടെ പടർന്ന ജെ.എൻ. വൺ എന്ന കൊറോണ വൈറസ് വകഭേദം സംസ്ഥാനത്തും സ്ഥിരീകരിച്ചതായി ഗവേഷകർ.
ഇന്ത്യൻ സാഴ്‌സ് കോവ്-2 ജീനോമിക്‌സ് കൺസോർഷ്യം (ഇൻസാ കോഗ്) ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ് ജെ.എൻ. വണ്ണിനെ കണക്കാക്കുന്നത്.

ബിഎ. 2.86 വകഭേദത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ് ജെ.എൻ. വൺ. പകർച്ചാശേഷി കൂടുതലായതിനാൽ രോഗികളുടെ എണ്ണം ഉയരാൻ ഈ വകഭേദം കാരണമാകും.
നിലവിലുള്ള വാക്സിനുകൾക്ക് ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് വിലയിരുത്തൽ.

Leave A Reply

Your email address will not be published.