NATIONAL NEWS – ന്യൂഡൽഹി : ഹരിയാനയിലെ നുഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് ഹോം ഗാർഡുകളും ഒരു പ്രദേശവാസിയും ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിന് സമീപം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നടത്തിയ റാലിക്ക് നേരെയാണ് ഒരു സംഘം ആളുകൾ കല്ലെറിഞ്ഞത്.
ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് കല്ലേറുണ്ടായി. നിരവധി കാറുകൾ കത്തിച്ചു.
ഇരു സമുദായങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ സോഹ്ന റോഡിന് സമീപം ഏറ്റുമുട്ടി. തുടർന്ന് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും ചെയ്തു.
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഗുരുഗ്രാമിലെയും ഫരീദാബാദിലെയും എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ഓഗസ്റ്റ് 1 ചൊവ്വാഴ്ച അവധിയായിരിക്കും.
ഗുരുഗ്രാമിലും നൂഹിലും ക്രിമിനൽ നടപടി ചട്ടം (സിആർപിസി) സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തി.
അതേസമയം വർഗീയ സംഘർഷം നിയന്ത്രിക്കുന്നതിനായി നുഹ് ജില്ലയിൽ ഓഗസ്റ്റ് 2 ബുധനാഴ്ച വരെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചെന്ന് ഹരിയാന സർക്കാർ അറിയിച്ചു.
ഗുരുഗ്രാം ജില്ലയിലും സ്‌കൂളുകൾ, കോളേജുകൾ, കോച്ചിംഗ് സെന്ററുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കും.
ഈ ഉത്തരവുകൾ കർശനമായി പാലിക്കാൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” ഗുരുഗ്രാം ജില്ലാ മജിസ്‌ട്രേറ്റ് ട്വീറ്റിൽ പറഞ്ഞു.