Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടിയെ പുറത്തെത്തിച്ചു. മയക്കുവെടിവെച്ച ശേഷം പ്രത്യേക വലയിലാണ് കരടിയെ പുറത്തെടുത്തത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മണിക്കൂറുകൾ നീണ്ട പ്രവർത്തനങ്ങൾ നടന്നത്.
അതേസമയം, കിണറ്റിൽ വീണ കരടി ചത്തുവെന്ന് ഡോ. ജേക്കബ് അലക്സാണ്ടർ അറിയിച്ചു. കരടിയെ വെറ്റനറി ഡോക്ടർ എത്തി മയക്കുവെടി വെച്ചിരുന്നു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കരടിയെ പുറത്തെത്തിച്ചത്. അക്രമാസക്തമാകുന്ന സാഹചര്യം കണക്കിലെടുത്താണ് മയക്കുവെടി വെച്ച ശേഷം കരടിയെ കിണറിന് പുറത്തെത്തിക്കാൻ തീരുമാനിച്ചത്. മയക്കുവെടിയേറ്റ കരടി വെളളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
കിണറിൻ്റെ അടിത്തട്ടിൽ നിന്നാണ് കരടിയുടെ ജഡം കിട്ടിയത്. ഇതിനിടെ കരടിയെ രക്ഷിക്കാനുളള ദൗത്യ സംഘത്തിലെ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അന്നമണി വീട്ടിലെ അരുണിൻ്റെ കിണറിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് വീട്ടുകാർ കിണറ്റിൽ കരടിയെ കണ്ടത്. കോഴികളെ പിടികൂടാനായി എത്തിയ കരടി കിണറിൽ വീഴുകയായിരുന്നു. ആളുകളുടെ ശബ്ദം കേട്ട് ഭയന്ന് ഓടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണതെന്നാണ് വിവരം.
Kerala News Today