KERALA NEWS TODAY – കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡി.ഐ.ജി. എസ്.ശ്രീനിവാസ്.
പ്രതി അസ്ഫാക് ആലത്തെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും കേസില്‍ ഇനിയും അന്വേഷണം നടത്തണമെന്നും ഡി.ഐ.ജി. മാധ്യമങ്ങളോട് പറഞ്ഞു.
പ്രതി അസ്ഫാക് ആലം ബിഹാര്‍ സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബിഹാര്‍ പോലീസുമായി തങ്ങള്‍ ബന്ധപ്പെട്ടിരുന്നു.
അന്വേഷണസംഘം ബിഹാറിലേക്ക് പോകുന്നകാര്യവും ആലോചിക്കുന്നുണ്ട്. പ്രതി ഇവിടെ മറ്റുകേസുകളില്‍ ഉള്‍പ്പെട്ടതായി വിവരങ്ങളില്ല.
ബിഹാറില്‍ കേസുകളുണ്ടോ എന്നറിയാനായി ബിഹാര്‍ പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഇതുവരെ അവരില്‍നിന്ന് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഡി.ഐ.ജി. വിശദീകരിച്ചു.
പ്രതി നേരത്തെ ആലുവ ഭാഗത്തുതന്നെയാണ് താമസിച്ചിരുന്നത്. കേസില്‍ കുറേ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കുറേ തെളിവുകള്‍ ശേഖരിക്കാനുമുണ്ട്.
കുട്ടി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇരുവരെയും കണ്ട ചില സാക്ഷികളുണ്ട്. സംഭവദിവസം കുട്ടിയെ പ്രതിയുടെ കൂടെ കണ്ടവര്‍ക്കായി അന്വേഷണം നടത്തും. ഇവരും സാക്ഷികളാകുമെന്നും ഡി.ഐ.ജി. പറഞ്ഞു.
അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ ഞായറാഴ്ച കോടതി റിമാന്‍ഡ് ചെയ്തു.
14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ ഏഴുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.