Latest Malayalam News - മലയാളം വാർത്തകൾ

ശക്തിധരന്‍റെ ആരോപണം മുഖ്യമന്ത്രിക്കെതിരെ: വി ഡി സതീശന്‍

Kerala News Today-തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍റെ ആരോപണം മുഖ്യമന്ത്രിക്കെതിരെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ധൈര്യമുണ്ടോ എന്ന് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
അന്വേഷണ സമയത്ത് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പില്‍ നിന്ന് മാറിനില്‍ക്കണം. കെ സുധാകരനെതിരായ അന്വേഷണത്തില്‍ വിരോധമില്ലെന്നും സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും സതീശന്‍ ആരോപിച്ചു.

കൊച്ചി കലൂരിലെ ദേശാഭിമാനിയിലെ ഓഫീസില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം എവിടേക്കാണ് കൊണ്ടുപോയത്?. ആരില്‍ നിന്നാണ് ഈ പണം കിട്ടിയത്?.
ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടേയെന്നും സതീശന്‍ ചോദിച്ചു. അന്ന് കാറിലുണ്ടായിരുന്നയാള്‍ ഇന്ന് പിണറായി മന്ത്രിസഭയിലുണ്ടെന്നും സതീശന്‍ പറഞ്ഞു.
എന്തിൻ്റെ അടിസ്ഥാനത്തിലാണ് മോന്‍സൻ്റെ വിഷയത്തില്‍ കെ സുധാകരനെതിരെ കേസ് എടുത്തത്?.

മോന്‍സൻ്റെ പഴയ ഡ്രൈവര്‍ ഈ പത്ത് ലക്ഷം എണ്ണിക്കൊടുക്കുന്നത് കണ്ട് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണെങ്കില്‍, പിണറായിയുടെ സഹപ്രവര്‍ത്തകനായിരുന്ന ഒരാള്‍ ഇതുപോലെയുള്ള വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ അതില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? സതീശന്‍ ചോദിച്ചു.
രണ്ട് കോടി 35 ലക്ഷം രൂപ എണ്ണിക്കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍.
തിരുവനനന്തപുരം മുതല്‍ അമേരിക്കയിലെ ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്നയാളെ കുറിച്ചാണ് ഗൗരവതരമായ ഈ ആരോപണം ഉന്നയിച്ചതെന്ന് സതീശന്‍ പറഞ്ഞു.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.