Kerala News Today-ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
റെയിൽവേയുടെ നയപരമായ കാര്യമാണിതെന്നും, കോടതി തീരുമാനിക്കേണ്ടതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
നേരത്തെ ഹൈകോടതിയും ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു ഹർജി അനുവദിച്ചാൽ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹർജിയും കോടതിയിലെത്തും. അതിനാൽ ഇപ്പോൾ പോകുന്ന പോലെ ട്രെയിൻ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മലപ്പുറം തിരൂർ സ്വദേശിയായ പി ടി ഷീജിഷ് ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
അഭിഭാഷകരായ ശ്രീറാം പറക്കാട്, എം എസ് വിഷ്ണു ശങ്കർ എന്നിവരാണ് ഹാജരായത്. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറമെന്നും ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പിന് അവകാശമുണ്ടെന്നുമായിരുന്നു വാദം.
ആദ്യം റെയില്‍വേ പുറത്തിറക്കിയ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് ഒഴിവാക്കിയത് രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നും തിരൂര്‍ സ്വദേശി കൂടിയായ പി.ടി ഷീജിഷ് ഹർജിയിൽ പറയുന്നു.
തീരൂരിനെ ഒഴിവാക്കിയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം.എസ് വിഷ്ണു ശങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയല്‍ ചെയ്തത്.
Kerala News Today