Latest Malayalam News - മലയാളം വാർത്തകൾ

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെൺകുട്ടിയുമായി കടന്ന യുവാവിനെ കണ്ടെത്തി

Kerala News Today-തൃശ്ശൂർ: ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച് കടന്നുകളഞ്ഞ യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തി.
പുതുക്കാട് നിന്നാണ് ഇരുവരേയും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം തൃശ്ശൂർ സ്റ്റേഷനിലെ ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ചാണ് യുവാവ് പെൺകുട്ടിയുമായി കടന്നു കളഞ്ഞത്.
ഛത്തീസ്ഗഢ് സ്വദേശികളായ 16 കാരിയെയും 20 വയസുകാരനെയുമാണ് പുതുക്കാട് നിന്ന് കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഛത്തീസ്ഗഡില്‍ നിന്നു ട്രെയിന്‍ മാര്‍ഗം ഒന്നിച്ചു തൃശ്ശൂർ സ്‌റ്റേഷനിലെത്തിയതാണ് ഇരുവരും.
സ്‌റ്റേഷനില്‍ ഏറെ നേരമായി കറങ്ങുന്നതു പുലര്‍ച്ചെ 4 മണിയോടെ ലോക്കോ പൈലറ്റുമാരിലൊരാളുടെ ശ്രദ്ധയില്‍പ്പെടുകയും ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ ഓഫീസിലേക്കു കൂട്ടിക്കൊണ്ടുപോയി.
രേഖകള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമായി.

തുടര്‍ന്നു പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കാന്‍ പോകുകയാണെന്നറിയിച്ചതോടെ യുവാവ് രോഷാകുലനായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു കിടന്നിരുന്ന ബീയര്‍ കുപ്പി പൊട്ടിച്ചു നീളമുള്ള ചില്ല് കടലാസില്‍ പൊതിഞ്ഞ് ഇയാള്‍ ജീവനക്കാര്‍ക്കു വധഭീഷണി മുഴക്കി.
എല്ലാവരും ഭയന്നുനില്‍ക്കെ യുവാവ് പെണ്‍കുട്ടിയെയും കൂട്ടി പ്ലാറ്റ്‌ഫോമില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറുകയായിരുന്നു.

യാത്രക്കാര്‍ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തിയതോടെ യുവാവ് മറുവശത്തുകൂടി ട്രാക്കിലിറങ്ങി മറ്റൊരു ട്രെയിനിനുള്ളിലൂടെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തി. ചുമട്ടു തൊഴിലാളികളിലൊരാള്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ചില്ലു വച്ചു ഭീഷണി മുഴക്കി.
പിന്നാലെ സ്‌റ്റേഷനു പുറത്തേക്കു പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു. സുരക്ഷാ വീഴ്ചയുടെ പേരില്‍ ആര്‍പിഎഫ് പോസ്റ്റ് കമാന്‍ഡര്‍ അജയ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.