KERALA NEWS TODAY – തിരുവനന്തപുരം: ഇ-വെഹിക്കിള്‍ വ്യവസായങ്ങള്‍ക്കായി സംസ്ഥാനത്ത് സ്‌പെഷ്യല്‍ സോണ്‍ തുറക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിള്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ (ഇവോക്) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബാറ്ററി ഉത്പാദനം, ടെക്‌നോളജി വികസനം തുടങ്ങിയ വൈദ്യുതിവാഹന അനുബന്ധ വ്യവസായങ്ങള്‍ക്ക് പ്രത്യേക സോണില്‍ ഇടം ലഭിക്കും.
കെ.എസ്.ഇ.ബി. യുടെയും സ്വകാര്യ കമ്പനികളുടെയും നേതൃത്വത്തില്‍ കൂടുതല്‍ വൈദ്യുതി വാഹന ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കളമശ്ശേരിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്ത് ഒട്ടാകെ ഇവോക് ആരംഭിക്കുന്ന 30 ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെയും, ചാര്‍ജിങ് മൊബൈല്‍ അപ്ലിക്കേഷന്റെയും ലോഞ്ച് ഹൈബി ഈഡന്‍ എം.പി. നിര്‍വഹിച്ചു. ‘ചാര്‍ജ്‌മോഡു’മായി ചേര്‍ന്നാണിവ സ്ഥാപിക്കുന്നത്.
വിവിധ സെമിനാറുകളും അനുബന്ധ വ്യവസായങ്ങളുടെ പ്രദര്‍ശനങ്ങളും നടന്നു. ഇവോക് സംസ്ഥാന പ്രസിഡന്റ് അഞ്ചല്‍ റെജിമോന്‍, സെക്രട്ടറി ഡോ. രാജസേനന്‍ നായര്‍, ട്രഷറര്‍ എം.ഐ. വിശ്വനാഥന്‍, ചാര്‍ജ്‌മോഡ് സി.ഇ.ഒ. രാമാനുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.