Kerala News Today-തിരുവനന്തപുരം: സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്ത ലൈസൻസ് കാർഡുകൾ നിരവധി തടസ്സങ്ങൾ അതിജീവിച്ചാണ് യാഥാർത്ഥ്യമാകുന്നത്. ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിൽ നൽകുന്നതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കും.
സ്മാർട്ട് കാർഡിനായുള്ള ശ്രമം കേരളം 2001 ൽ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ ലൈസൻസ് വിതരണം കരാർ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നൽകിയ കേസ് തീർപ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണം വൈകിയത്. ഇരുപതു വർഷത്തിലധികമായി കേസ് കോടതിയിലായിരുന്നു.ഫെബ്രുവരി 15-ന് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവിൽ ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകി.പിന്നാലെയാണ് സ്വന്തമായി ലൈസൻസ് തയ്യാറാക്കി വിതരണംചെയ്യാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചത്.
കേവലം സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരുന്നത്. സീരിയൽ നമ്പർ, യു.വി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ.ആർ കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നൽകുന്ന പുതിയ ലൈസൻസ് കാർഡിൽ നൽകുക.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻ്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിൻ്റെ പുതിയ ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. സംസ്ഥാന ധനകാര്യ മന്ത്രിയാണ് പി.വി.സി പെറ്റ്ജി ഡ്രൈവിങ്ങ് ലൈസൻസ് ഏറ്റുവാങ്ങുന്നത്. ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായി സമീപ ഭാവിയിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും കാർഡ് രൂപത്തിലേക്ക് മാറ്റാനാണ് മോട്ടോർ വാഹനവകുപ്പിൻ്റെ തീരുമാനം.
Kerala News Today