Latest Malayalam News - മലയാളം വാർത്തകൾ

യമഹയെ മയക്കിയോൾ, തെലങ്കാന ബൊമ്മലു അല്ലിവൾ, തനി മല്ലു പ്രേമിക്കുടു! പ്രേമലുവിനൊപ്പം ഹിറ്റായി റിവർ ഇൻഡിയും!

ENTERTAINMENT NEWS:കെ ജി മാർക്കോസ് പാടിയ “തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ” എന്ന പാട്ടുപോലെ പ്രേമലു എന്ന സിനിമ ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ചിത്രത്തിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് നസ്‌ലിനും മമിതയും ചീറിപാഞ്ഞുപോകുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്റ്റൈലൻ സ്‌കൂട്ടര്‍. വ്യത്യസ്‍തമായ രൂപമാണ് ഈ സ്‍കൂട്ടറിന്റെ ഹൈലൈറ്റ്. ഈ സ്റ്റൈലിഷ് സ്‌കൂട്ടര്‍ ഒരു ഇലക്ട്രിക്ക് സ്‍കൂട്ടറാണ്. ബെംഗളൂരു ആസ്ഥാനമായുള്ള മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക്ക് സ്‍കൂട്ടർ സ്റ്റാർട്ടപ്പ് കമ്പനിയായ റിവർ മൊബൈലിറ്റി പുറത്തിറക്കുന്ന ഇൻഡി എന്ന സ്‍കൂട്ടർ ആണിത്. ഈ സ്‍കൂട്ടറിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നറിയുമോ? ഈ സ്‍കൂട്ടർ ഒരു തനി മലയാളിക്കമ്പനിയുടേതാണ് എന്നതാണ്. ലോകപ്രശസ്‍ത ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രൻഡായ യമഹയുടെ ഹൃദയം പോലും കീഴടക്കി മുന്നേറുന്ന റിവർ മൊബൈലിറ്റിയുടെയും റിവർ എൻഡിയുടെയും ചില വിശേഷങ്ങൾ അറിയാം.സ്‍കൂട്ടർ ലോകത്തെ എസ്‌യുവി
അരവിന്ദ് മണി, വിപിന്‍ ജോര്‍ജ് എന്നീ രണ്ട് മലയാളി യുവാക്കൾ ചേര്‍ന്ന് 2021 മാര്‍ച്ചിലാണ് റിവര്‍ മൊബൈലിറ്റി എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി ബംഗളൂരുവിൽ ആരംഭിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം കമ്പനി ഇന്‍ഡി എന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ അവതരിപ്പിച്ചു. സ്‍കൂട്ടർ ലോകത്തെ എസ്‌യുവി എന്ന ടാഗ് ലൈനോടെയാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇൻഡിയെ കമ്പനി അവതരിപ്പിച്ചത്.

റിവർ ഇൻഡി: സ്പെസിഫിക്കേഷനുകൾ
റിവർ ഇൻഡിക്ക് അതിൻ്റെ കൂറ്റൻ ബോഡി വർക്ക്, ട്വിൻ-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, വശങ്ങളിൽ സംയോജിപ്പിച്ചിരിക്കുന്ന പാനിയറുകൾക്കുള്ള ഹാർഡ് മൗണ്ടുകൾ എന്നിവയ്‌ക്കൊപ്പം ബോൾഡ് ഡിസൈൻ ലഭിക്കുന്നു. ചങ്കി സീറ്റ്, പരന്നതും വീതിയുള്ളതുമായ ഫ്ലോർബോർഡ്, ഗ്രാബ്രെയ്ൽ, ക്രാഷ് ഗാർഡുകൾ, കട്ടിയുള്ള ടയറുകളിൽ പൊതിഞ്ഞ അലോയ് വീലുകൾ എന്നിവ പരമ്പരാഗത സ്കൂട്ടറുകളെ അപേക്ഷിച്ച് അതിൻ്റെ പരുക്കൻ രൂപവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നു.

മുന്നിലും പിന്നിലും 14 ഇഞ്ച് വലുപ്പമുള്ള വീലുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ഇ-സ്‌കൂട്ടറാണ് ഇന്‍ഡി. മുന്നിൽ ട്വിൻ എല്‍ഇഡി ലൈറ്റുകളും ക്രാഷ് ഗാര്‍ഡുകളും ഫ്രണ്ട് ഫൂട്ട്‌പെഗ്ഗുകളും ഇതിലുണ്ട്. സെഗ്മെന്റിലെ തന്നെ ഏറ്റവും നീളവും വീതിയുമുള്ള സീറ്റുകളും ഇൻഡിയിൽ വരുന്നു. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകള്‍ വാഹനത്തിൽ വരുന്നുണ്ട്. സൈഡ് സ്റ്റാന്‍ഡ് മോട്ടോർ കട്ട് ഓഫ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90 ഡിഗ്രി വാല്‍വ് സിസ്റ്റം എന്നിങ്ങനെ പലതരം വെറൈറ്റി ഫീച്ചറുകളും ഇതിലുണ്ട്. 43 ലിറ്ററിന്റെ അണ്ടർ സീറ്റ് സ്റ്റോറേജ് സ്‌പേസും 12 ലിറ്ററിന്റെ ഗ്ലൗ ബോക്‌സും വാഹനത്തിൽ വരുന്നു. കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകണം എങ്കില്‍ 25 ലിറ്റര്‍ ടോപ് ബോക്‌സും 40 ലിറ്റര്‍ വരെ ഉൾക്കൊള്ളാനാവുന്ന പാനിയർ സെറ്റും ഘടിപ്പിക്കാം. അതോടൊപ്പം രണ്ട് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും ഇതോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണം റിവര്‍ ഇന്‍ഡിക്ക് വളരെ അനുയോജ്യമാണെന്ന് ചുരുക്കം.

26 Nm പീക്ക് ടോർക്ക് വികസിപ്പിച്ചെടുക്കുന്ന 6.7 kW (8.9 bhp) ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് റിവർ ഇൻഡിയിലെ പവർ വരുന്നത്. പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. നാല് കിലോവാട്ട് ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒരു സാധാരണ ചാർജർ ഉപയോഗിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ ഇൻഡി 80 ശതമാനം വരെ ചാർജ് ചെയ്യാമെന്ന് റിവർ പറയുന്നു. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 3.9 സെക്കന്‍ഡുകളാണ്. പരമാവധി വേഗതയാകട്ടെ, മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ബാറ്ററിക്കും സ്‌കൂട്ടറിനും അഞ്ച് വര്‍ഷം അല്ലെങ്കില്‍ അര ലക്ഷം കിലോമീറ്റര്‍ വരെ വാറന്‍റിയും കമ്പനി നല്‍കുന്നുണ്ട്. 1.25 ലക്ഷം രൂപ ഇന്‍ട്രൊഡക്ടറി വിലയ്ക്ക് എത്തിയ റിവര്‍ ഇന്‍ഡിയുടെ വില ഇപ്പോള്‍ 1.38 ലക്ഷം രൂപയാണ്. ടാക്‌സും ഇന്‍ഷുറന്‍സും ചേര്‍ക്കുന്നതോടെ വില ഏകദേശം 1.70 ലക്ഷം രൂപയിൽ എത്തും എന്നത് ശ്രദ്ധേയമാണ്.

Leave A Reply

Your email address will not be published.