KERALA NEWS TODAY – തിരുവനന്തപുരം : കൗമാരക്കാർക്ക് സമഗ്ര ലൈംഗികത വിദ്യാഭ്യാസം നൽകുക ലക്ഷ്യമിട്ട് കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന പ്രോജക്ട് എക്സ് പദ്ധതിക്ക് തുടക്കമായി.
തിരുവനന്തപുരം ജില്ലാ ഭരണകൂടവും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും എൻ ജി ഒ യായ കനലും ചേർന്ന് ജില്ലയിലെ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് പ്രോജക്ട് എക്സ്.
വഴുതക്കാട് കോട്ടൺഹിൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഇത്തരം പദ്ധതികൾ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ 50 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക.
ഓരോ സ്കൂളിൽ നിന്നും 100 വീതം എന്ന രീതിയിൽ ആകെ 5,000 കൗമാരപ്രായക്കാരായ വിദ്യാർത്ഥികൾക്കാണ് ലൈംഗികത വിദ്യാഭ്യാസം ലഭിക്കുക.
ലൈംഗികത, ശരീരശാസ്ത്രം, ബന്ധങ്ങൾ, ലിംഗ സ്വത്വം, ലൈംഗിക ആഭിമുഖ്യം, സമ്മതം, ഗർഭനിരോധന മാർഗങ്ങൾ, ലൈംഗിക രോഗങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പഠിപ്പിക്കുക. ബന്ധങ്ങളിലെ വൈകാരികത, ആരോഗ്യകരമായ ബന്ധങ്ങൾ, നീലചിത്രങ്ങളുടെ സ്വാധീനം, ലൈംഗിക അവകാശങ്ങളും ഉത്തരവാദിത്വങ്ങളും, പോക്സോ നിയമം എന്നിവയും പഠനത്തിൽ ഉൾപ്പെടുന്നുണ്ട്.
പദ്ധതിക്കായി 50 ശതമാനം തുക ചെലവഴിക്കുന്നത് ജില്ലാ ഭരണകൂടമാണ്.
ബാക്കി 50 ശതമാനം ഗൈഡ് ഹൗസ് എന്ന കമ്പനിയുടെ സി എസ് ആർ ഫണ്ടിൽ നിന്നാണ്.
പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന കൈ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷനായിരുന്നു.
സിനിമ പിന്നണിഗായകൻ ജി. വേണുഗോപാൽ വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർ രാഖി രവികുമാർ, അസിസ്റ്റൻറ് കളക്ടർ അഖിൽ വി. മേനോൻ, ഡി ഇ ഒ സുരേഷ് ബാബു ആർ. എസ്, എ ഇ ഒ ഗോപകുമാർ ആർ, ഗൈഡ് ഹൗസ് അസോസിയേറ്റ് ഡയറക്ടർ പ്രിൻസ് എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.