Kerala News Today-പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കൂട്ടത്തല്ല്. ഒരാള്‍ക്ക് കുത്തേറ്റു.
ബംഗാള്‍ സ്വദേശി ഗിത്തുവിനാണ് കുത്തേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗിത്തുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
പത്തനംതിട്ട കണ്ണങ്കരയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ഒരുമിച്ച് ജോലിചെയ്യുന്ന മറുനാടന്‍ തൊഴിലാളികളാണ് നടുറോഡില്‍ തമ്മിലടിച്ചത്.
സഹപ്രവര്‍ത്തകരും ഒരുമിച്ച് താമസിക്കുന്നവരുമായ പത്തുപേര്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയത്. തുടര്‍ന്ന് റോഡില്‍വെച്ച് ഇവരില്‍ ചിലര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. കൈയില്‍കിട്ടിയ വടിയും മറ്റും ഉപയോഗിച്ചാണ് ഇവര്‍ തമ്മിലടിച്ചത്.
കൂട്ടത്തിലൊരാള്‍ ഊരിപ്പിടിച്ച കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഇതിനിടെയാണ് ബംഗാള്‍ സ്വദേശിയായ ഗിത്തുവിന് കുത്തേറ്റത്. സംഘര്‍ഷത്തില്‍ മറ്റുമൂന്നുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ തര്‍ക്കത്തിൻ്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ ചോദ്യംചെയ്താല്‍ മാത്രമേ എന്താണ് കാരണമെന്ന് വ്യക്തമാവുകയുള്ളൂ.
ഞായറാഴ്ച ദിവസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.
Kerala News Today