Latest Malayalam News - മലയാളം വാർത്തകൾ

ലൈഫ് മിഷൻ കേസ്: എം ശിവശങ്കർ ഒന്നാം പ്രതി

Kerala News Today-കൊച്ചി: ലൈഫ് മിഷൻ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകി. എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ സ്വപ്നയുടെ അറസ്റ്റ് ഒഴിവായി. കേസില്‍ ശിവശങ്കറിനെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയത്.

കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. നിലവിൽ എം. ശിവശങ്കറും സന്തോഷ് ഈപ്പനും മാത്രമാണ് കേസില്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റെല്ലാവരെയും അറസ്റ്റില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്വപ്‌നയടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

കുറ്റപത്രത്തിൻ്റെ പരിശോധനകള്‍ക്ക് ശേഷം പ്രത്യേക കോടതി സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും. യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇഡി പ്രത്യേക കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഖാലിദ് ഒഴികെ മറ്റു പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി മുമ്പാകെ ഇഡി ആവശ്യപ്പെട്ടിരിക്കുകയാണ്.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.