KERALA NEWS TODAY – കോഴിക്കോട്: ഗാന്ധിറോഡ് റെയിൽവേ മേൽപ്പാലത്തിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിന്റെ മുൻവശത്തെ ബോഡിക്കുള്ളിൽ കുടുങ്ങിയനിലയിലായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന കല്ലായി സ്വദേശി മെഹ്ഫൂദ് സുൽത്താൻ (20), ഒപ്പം യാത്രചെയ്ത നടുവട്ടം സ്വദേശിനി നൂറുൽഹാദി (19) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. ബീച്ച് ഭാഗത്തേക്ക് പോവുന്ന സിറ്റിബസും എതിരേ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
പരിസരത്തുണ്ടായിരുന്നവരും ബീച്ച് അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെമരിച്ചു. നൂറുൽഹാദി മെഡിക്കൽകോളേജ് ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
അപകടത്തിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. (ഐ.സി.ടി.) കോളേജിൽ ബി.എ. ഇക്കണോമിക്സ് മൂന്നാംവർഷ വിദ്യാർഥിനിയാണ് നൂറുൽഹാദി. വലിയങ്ങാടിയിൽ ചുമട്ടുതൊഴിലാളിയായ നടുവട്ടം വടക്കേ കണ്ണഞ്ചേരി പറമ്പിൽ അർബാൻ നജ്മത്ത് മൻസിലിൽ കെ.പി. മജ്‌റൂവിന്റെയും സലീക്കത്തിന്റെയും മകളാണ് നൂറുൽഹാദി. അഫ്‌സലും അഫീലയും സഹോദരങ്ങളാണ്.
ഓട്ടോ ഡ്രെെവറായ പള്ളിക്കണ്ടി വട്ടക്കുണ്ട് വീട്ടിൽ മൊയ്തീൻകോയയുടെയും സഫിയയുടെയും മകനാണ് മെഹ്ഫൂദ് സുൽത്താൻ.