KERALA NEWS TODAY – തിരുവനന്തപുരം: കേരള പരീക്ഷയില്‍ വീണ്ടും ചോദ്യപേപ്പര്‍ വിവാദം. പരീക്ഷയ്ക്ക് തെറ്റായ ഉത്തര സൂചിക നല്‍കിയതിനെ തുടര്‍ന്ന് മൂല്യ നിര്‍ണയം നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ഹിസ്റ്ററി, ബോട്ടണി പരീക്ഷകളില്‍ ചോദ്യപ്പേപ്പര്‍ മാറിയത്.
ബി.എ (ഹിസ്റ്ററി) അഞ്ചാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ അതേ ചോദ്യപ്പേപ്പറും ബോട്ടണി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയ്ക്ക്, ഒന്നാം സെമസ്റ്റര്‍ സിലബസിലെ ചോദ്യങ്ങളാണെന്നുമാണ് ആക്ഷേപം.
എംഎ (എക്കണോമിക്സ്) അവസാന സെമസ്റ്റര്‍ പരീക്ഷയ്ക്കാണ് ചോദ്യകര്‍ത്താവ് തെറ്റായ ഉത്തരസൂചി നല്‍കിയതിനേ തുടര്‍ന്ന് മൂല്യനിര്‍ണയം നിര്‍ത്തിവെച്ചത്.
ബിഎ ഹിസ്റ്ററി പരീക്ഷ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു എന്നറിഞ്ഞതോടെ പരീക്ഷ റദ്ദാക്കി സര്‍വകലാശാല തടിതപ്പി. വിഷയത്തില്‍ വൈസ് ചാന്‍സലര്‍ വിശദീകരണം തേടി.
തുടര്‍ച്ചയായി പരീക്ഷ വിവാദങ്ങളുണ്ടാകുന്നത് വിദ്യാര്‍ഥികളിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
അതത് വിഷയങ്ങളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണ് ചോദ്യകര്‍ത്താക്കളുടെ പാനല്‍ തയ്യാറാക്കുന്നത്. ഇതില്‍ നിന്ന് ചോദ്യകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതും ചോദ്യപരിശോധനയ്ക്കുള്ള ബോര്‍ഡിനെ നിയമിക്കുന്നതും സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറാണ്.
പരീക്ഷ നടത്തിപ്പില്‍ തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുമ്പോഴും ഡെപ്യൂട്ടേഷന്‍ നിയമനകാലാവധി പൂര്‍ത്തിയായിട്ടും വീണ്ടും പരീക്ഷ കണ്‍ട്രോളറുടെ കാലാവധി അടുത്തിടെ നീട്ടി കൊടുത്തിരുന്നു. ചോദ്യകര്‍ത്താക്കളെയും ചോദ്യങ്ങളും തിരഞ്ഞെടുക്കുന്ന സമിതികളില്‍ സംഘടനരാഷ്ട്രീയ അടിസ്ഥാനത്തില്‍ താരതമ്യേന സര്‍വീസ് കുറഞ്ഞ അധ്യാപകരെ അംഗങ്ങളായി നിയമിക്കുന്നതാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമെന്നാണ് ആക്ഷേപം.