![NATIONAL NEWS](https://kottarakkaramedia.com/wp-content/uploads/2024/04/Untitled-design-2024-04-02T161546.622-1.jpg)
NATIONAL NEWS NEWDELHI:ദില്ലി: തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് കച്ചത്തീവ് ദ്വീപ് വിഷയം ഉന്നയിക്കുന്നതിനെതിരെ മുൻ വിദേശകാര്യ സെക്രട്ടറിമാര്‍. കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാൽ സെൽഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോനും ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും മുന്നറിയിപ്പ് നൽകി. രാജ്യത്തിൻറെ വിശ്വാസ്യത ഇടിക്കുന്ന നടപടിയെന്നും ഇവര്‍ പറയുന്നു. കേന്ദ്രത്തിൽ സർക്കാരുകൾ മാറുന്നതിനു അനുസരിച്ചുള്ള നിലപാടുമാറ്റം നല്ലതല്ലെന്ന് മുൻ ഹൈക്കമ്മീഷണർ അശോക് കാന്തയും അഭിപ്രായപ്പെട്ടു.
കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടാണ് പ്രചാരണം തുടങ്ങിയത്. തമിഴ്‌നാട്ടിൽ ശക്തമായ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. 1974ൽ കച്ചത്തീവ് ദ്വീപിൽ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാൻ പോകുന്നതായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോർട്ടാണ് നരേന്ദ്ര മോദിയും ബിജെപിയും ഇന്ന് ആയുധമാക്കിയത്. ഡിഎംകെയുടെ ഇരട്ടത്താപ്പ് പുറത്തുവന്നെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറിയതായി പറയാനാകില്ലെന്ന് 2015ൽ വിദേശകാര്യ സെക്രട്ടറിയായിരിക്കെ എസ് ജയശങ്കര്‍ നൽകിയ മറുപടിയാണ് കോൺഗ്രസ് ആയുധമാക്കിയത്.
എന്താണ് കച്ചത്തീവ് പ്രശ്നം ?
പാക് കടലിടുക്കിൽ രാമേശ്വരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെ 285 ഏക്കറിലുളള ആൾതാമസമില്ലാത്ത ചെറുദ്വീപാണ് കച്ചത്തീവ്. രാമനാഥപുരം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ദ്വീപിൽ, 1921ൽ ഇന്ത്യയെ പോലെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന സിലോണും അവകാശം ഉന്നയിച്ചു. ഈ തർക്കം വർഷങ്ങൾ നീണ്ടുനിന്നു. 1974ൽ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലെ അതിർത്തി നിർണായിക്കുന്ന കരാർ ഒപ്പിടുകയും, കച്ചത്തീവ് ലങ്കൻ അതിർത്തി രേഖയുടെ ഭാഗത്താവുകയും ചെയ്തു.
ഇപ്പോൾ എന്താണ് സംഭവിച്ചത്?
തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്ക് ലഭിച്ച വിവരവകാശ രേഖ അടിസ്ഥാനമാക്കി ദില്ലിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിനപത്രം ഇന്ന് ഒന്നാം പേജ് വാർത്തയാക്കി. 1961ൽ അനൗദ്യോഗിക യോഗത്തിൽ കച്ചത്തീവ് വിട്ടുകൊടുക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് അന്നത്തെ പ്രധാനമത്രി ജവാഹ്‌ലാൽ നെഹ്‌റു പറഞ്ഞതായുള്ള മിനുട്സ് കിട്ടിയെന്നാണ് അവകാശവാദം. ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന് വിശേഷിപ്പിച്ച മോദി കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളാത്തവര്‍ എന്ന് കുറ്റപ്പെടുത്തി. തമിഴ്നാട് വീണ്ടും ഡിഎംകെ സഖ്യം തൂത്തുവരുമെന്ന സർവ്വേ ഫലങ്ങൾ കാരണമാണ് മോദിയുടെ പ്രസ്താവന എന്ന് കോൺഗ്രസ്സ് തിരിച്ചടിച്ചു.
തമിഴ്നാട്ടിലെ 13 ജില്ലകളിലായുള്ള 15 മണ്ഡലങ്ങളിൽ മത്സ്യ തൊഴിലാളി വോട്ട് നിർണായകമാണ്. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ -സമുദ്രാതിർത്തി ലംഘിച്ചു എന്ന കാരണം പറഞ്ഞ് – ശ്രീലങ്കൻ നാവിക സേന അറസ്റ്റുചെയ്യുന്നത് പതിവായിട്ടും കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ലെന്ന രോഷം ശക്തമാണ്. കച്ചത്തീവ് കോൺഗ്രസ്സ് വിട്ടുകൊടുത്തതാണ് പ്രശ്നത്തിനെല്ലാം കാരണം എന്ന് സ്ഥാപിക്കാനാണ് ഇപ്പോഴത്തെ ശ്രമം. കച്ചത്തീവ് ദ്വീപ് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെടുന്ന എം കെ സ്റ്റാലിനെയും ചൈനീസ് അധിനിവേശം തടയുന്നതിൽ മോദി പരാജയപ്പെട്ടെന്ന് വിമർശിക്കുന്ന രാഹുൽ ഗാന്ധിയെയും പ്രതിരോധിക്കുകയും ലക്ഷ്യമാണ്.