NATIONAL NEWS – മുംബൈ : മഹാരാഷ്ട്രയിൽ ട്രെയിനിലുണ്ടായ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു.
മുംബൈ- ജയ്പൂർ പാസഞ്ചർ ട്രെയിനിലാണ് വെടിവയ്പ്പുണ്ടായത്. ആർപിഎഫ് കോൺസ്റ്റബിൾ ആണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരു ആർപിഎഫ് എഎസ്ഐയും മൂന്നു യാത്രക്കാരും ഉൾപ്പെടുന്നു.
തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രാഥമിക വിവരം അനുസരിച്ച് ആർപിഎഫ് കോൺസ്റ്റബിൾ സഹപ്രവർത്തകനായ എഎസ്ഐക്ക് നേരെയും മൂന്ന് യാത്രക്കാർക്കുനേരെയും വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരും മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ ആർപിഎഫ് കോൺസ്റ്റബിളിനെ കസ്റ്റഡിയിലെടുത്തു.
“പൽഘർ സ്റ്റേഷൻ കടന്നതിന് ശേഷം ഓടിക്കൊണ്ടിരിക്കുന്ന ജയ്പൂർ എക്സ്പ്രസ് ട്രെയിനിനുള്ളിൽ (12956) ഒരു ആർപിഎഫ് കോൺസ്റ്റബിൾ വെടിയുതിർത്തു. ഒരു ആർപിഎഫ് എഎസ്‌ഐയെയും മറ്റ് മൂന്ന് യാത്രക്കാരെയും വെടിവെച്ചശേഷം അദ്ദേഹം ദഹിസർ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്ന് ചാടി.
പ്രതിയായ കോൺസ്റ്റബിളിനെ ആയുധങ്ങൾ സഹിതം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു,” പശ്ചിമ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.