Entertainment News-കൊല്ലം: പ്രമുഖ സിനിമാ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥൻ നായർ എന്ന അച്ചാണി രവി(90) അന്തരിച്ചു.
കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. നവതിക്ക് പിന്നാലെയാണ് മരണം. ജൂലൈ 6 ന് ആയിരുന്നു നവതി.
അടൂര്‍ ഗോപാലകൃഷ്ണന്‍റെയും അരവിന്ദന്‍റെയുമടക്കം കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് രവീന്ദ്രന്‍ നായരുടെ ജനറല്‍ പിക്ചേഴ്സ്. അച്ചാണി, കാഞ്ചനസീത, കുമ്മാട്ടി, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ, ലക്ഷപ്രഭു, കാട്ടുകുരങ്ങ്, തമ്പ്, എസ്‌തപ്പാന്‍, പോക്കുവെയില്‍, മഞ്ഞ് തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങളാണ്.
1967ല്‍ പി ഭാസ്‌കരൻ്റെ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍ പിക്ചേഴ്‌സ് ആരംഭിച്ചത്. ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ‘എസ്‌തപ്പാന്‍’ എന്ന സിനിമയില്‍ മുഖംകാണിച്ചിട്ടുമുണ്ട്. ഭാര്യ ഉഷ ‘തമ്പ്’ എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്.
സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം 2008 ൽ നേടിയ രവീന്ദ്രനാഥന്‍ നായര്‍ ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Entertainment News