Latest Malayalam News - മലയാളം വാർത്തകൾ

ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് യാത്രയയപ്പ്

Kerala News Today-ജലന്ധര്‍: ബിഷപ്പ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളക്കലിന് ഇന്ന് ജലന്ധറിൽ യാത്രയയപ്പ്.
രൂപതയിലെ സെന്‍റ് മേരിസ് കത്തീഡ്രൽ പള്ളിയിൽ വച്ചാണ് യാത്രയപ്പ് ചടങ്ങ് നടക്കുന്നത്.
ഫ്രാങ്കോ മുളക്കൽ വിശ്വാസികളെ അഭിമുഖീകരിച്ച് സംസാരിക്കും. യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് അഗ്നേലോ ഗ്രേഷ്യസ് സർക്കുലറിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കുറ്റവിമുക്തനായെങ്കിലും വത്തിക്കാൻ നിർദേശപ്രകാരമാണ് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞത്. വിധിക്കെതിരായ അപ്പീൽ നിലനിൽക്കെയാണ് രാജി. ബിഷപ്പ് ഫ്രാങ്കോയുടെ രാജി ശിക്ഷാനടപടിയുടെ ഭാഗമല്ലെന്ന് വത്തിക്കാൻ വ്യക്തമാക്കിയിരുന്നു.
ജലന്ധ‍ർ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിച്ചെന്നാണ് രാജി പ്രഖ്യാപിച്ചുള്ള വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞത്.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016വരെ പതിമൂന്ന് തവണ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ്.

2017 മാർച്ചിൽ പീഡനം സംബന്ധിച്ച പരാതി കന്യാസ്ത്രി മദർ സുപ്പീരിയറിന് നൽകി. നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് ജൂൺ 27ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പിറ്റേ ദിവസം തന്നെ പോലീസ് കേസെടുത്തു. ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. പിന്നീട്, തെളിവുകളുടെ അഭാവത്തിൽ കോട്ടയം അഡീഷൽ സെൻഷൻ കോടതി ഫ്രാങ്കോയെ വെറുതെവിട്ടു. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഈ അപ്പീൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.