NATIONAL NEWS- ന്യൂഡൽഹി: എലത്തൂര്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ വീട്ടിലുള്‍പ്പെടെ ഒന്‍പതിടത്ത് എന്‍.ഐ.എ പരിശോധന.
ഡല്‍ഹി ഷഹീന്‍ബാഗിലാണ് റെയ്ഡ് നടന്നത്. ഷാരൂഷ് സെയ്ഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
എന്‍ഐഎ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പുലര്‍ച്ചെ അഞ്ച് മണിക്ക് ഷഹീന്‍ബാഗിലെത്തിയ സംഘം 11 മണിവരെ പരിശോധന തുടര്‍ന്നു. ഷാരൂഖ് സെയ്ഫിയുടെ വീടിന് പുറമെ ഒരു സുഹൃത്തിന്റെ വീട്, രണ്ട് കടകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ റെയ്ഡ് ചെയ്തു.
എലത്തൂരില്‍ തീവണ്ടിയില്‍ തീവെപ്പ് നടത്താന്‍ ഷാരൂഖിനെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ, തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ പ്രധാനമായും അന്വേഷിക്കുന്നത്.
അന്വേഷണം ഷഹീന്‍ബാഗിലെ തന്നെ മറ്റ് ചിലരിലേക്കുകൂടി നീളുന്നു എന്ന സൂചന നല്‍കുന്നതാണ് എന്‍ഐഎയുടെ ഇന്നത്തെ റെയ്ഡ്. ആരെയും കസ്റ്റഡിയില്‍ എടുത്തതായി വിവരമില്ല.
ഏപ്രില്‍ രണ്ടിനായിരുന്നു എലത്തൂരില്‍ തീവണ്ടിയില്‍ തീവെപ്പുണ്ടായത്. കേരള പോലീസ് യുഎപിഎ ചുമത്തിയതിന് പിന്നാലെ കേസ് ഏറ്റെടുത്ത എന്‍ഐഎ അതിനുശേഷം ആദ്യമായാണ് ഈ രീതിയില്‍ വിപുലമായ അന്വേഷണവും പരിശോധനയും നടത്തുന്നത്.