Latest Malayalam News - മലയാളം വാർത്തകൾ

ആഴക്കടലിലെ ലഹരിവേട്ട: റിമാൻഡ് റിപ്പോർട്ട് പുറത്ത്

Kerala News Today-കൊച്ചി: ആഴക്കടലിലെ ലഹരിവേട്ടക്കേസില്‍ പിടിയിലായ പാക് പൗരന്‍ കാരിയറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ലഹരിക്കടത്തുകാരനുവേണ്ടിയാണ് 25000 കോടിയുടെ ലഹരിമരുന്ന് കടത്തിയത്. ഇടപാട് കഴിയുമ്പോള്‍ നല്ലതുക വാഗ്ദാനം ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പേരില്ലാത്ത ബോട്ടില്‍ ലഹരിമരുന്നുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെത്തിയതെന്നാണ് പിടിയിലായ സുബൈറിൻ്റെ മൊഴി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പത്തിനാണ് ആഴക്കടലില്‍വച്ച് നാവികസേന ബോട്ട് വളഞ്ഞ് ലഹരിമരുന്ന് പിടികൂടിയത്.

ശനിയാഴ്ചയാണ് കൊച്ചി പുറംകടലില്‍ കപ്പല്‍ വളഞ്ഞ് മെത്താംഫിറ്റമിന്‍ ലഹരിമരുന്ന് എന്‍.സി.ബി.യും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. എന്‍.സി.ബിയുടെ പിടിയിലായ സുബൈര്‍ പാക് പൗരനാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ സ്വദേശിയാണ് താനെന്നായിരുന്നു ഇയാളുടെ വാദം. ഇയാള്‍ നല്‍കിയ വിലാസവും ഇറാനിലേതാണ്. എന്നാല്‍, പ്രതി പാക് പൗരനാണെന്നും അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍.സി.ബി വ്യക്തമാക്കുന്നു.

പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തുസംഘമാണ് തനിക്ക് മെത്താംഫിറ്റമിന്‍ നല്‍കിയതെന്ന് സുബൈര്‍ മൊഴി നല്‍കി. ഇവ കൃത്യമായി എത്തിച്ച് നല്‍കിയാല്‍ വലിയ തുക പ്രതിഫലം നല്‍കുമെന്ന് ഇവര്‍ വാഗ്ദാനം നല്‍കിയതായും പ്രതി കൂട്ടിച്ചേര്‍ത്തു. പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെന്നാണ് എന്‍.സി.ബി.യുടെ പ്രാഥമിക കണ്ടെത്തല്‍. ഒരു കിലോയുടെ പാക്കറ്റുകളിലാക്കി 132 ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാണ് ഇവ കപ്പലില്‍ സൂക്ഷിച്ചിരുന്നത്. കപ്പലിലുണ്ടായിരുന്ന ലഹരിമരുന്ന് ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെ ഏജന്റുമാർക്ക് നൽകാൻ എത്തിച്ചതാണെന്നാണ് എന്‍.സി.ബി നല്‍കുന്നവിവരം.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.