KERALA NEWS TODAY – മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവുമായി ദമ്പതികൾ പിടിയിൽ.
ഇന്നലെ രാത്രി ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ എത്തിയ കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കിപൊയിൽ ഷറഫുദ്ധീൻ (44) നടുവീട്ടിൽ ഷമീന (37) എന്നിവരിൽ നിന്നാണ് സ്വർണ മിശ്രിതം പിടികൂടിയത്.
ദമ്പതികൾ ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ഏകദേശം 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ദമ്പതികളിൽ നിന്ന് പിടികൂടിയത്.
ഷറഫുദ്ധീൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽ നിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതവും ഷമീനയുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതവുമാണ് പിടിച്ചെടുത്തത്.
പിടികൂടിയ സ്വർണ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം കസ്റ്റംസ് ദമ്പതികളുടെ അറസ്റ്റും തുടർ നടപടികളും സ്വീകരിച്ചു.
കള്ളക്കടത്തു സംഘം രണ്ടു പേർക്കും 80000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഇവർ വ്യക്തമാക്കിയത്.
ദമ്പതികൾ കുട്ടികളുമായി ദുബായിൽ സന്ദർശനം നടത്തി തിരിച്ചു വരുമ്പോഴാണ് കള്ളക്കടത്തിന് ശ്രമിച്ചത്.
കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വർണം കടത്തുവാനാണ് ദമ്പതികൾ ശ്രമിച്ചത്.
സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ ഷമീനയെ പരിശോധിച്ചപ്പോഴാണ് സ്വർണ മിശ്രിതം അടങ്ങിയ പാക്കറ്റ് ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യലിലാണ് താനും സ്വർണം കടത്തിക്കൊണ്ട് വന്നതായി ഷറഫുദ്ധീൻ ഉദ്യോഗസ്ഥരോട് സമ്മതിച്ചത്.