Kerala News Today-തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അതിരൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരൻ്റെ കുടുംബ ബഡ്ജറ്റിൻ്റെ താളം തെറ്റിക്കുന്ന വിലക്കയറ്റം തടയാൻ സർക്കാർ നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ കൂലിപണിക്കാരായ സാധാരണക്കാരും പാവപ്പെട്ടവരും കടകളിലെത്തിയാൽ ആവശ്യമുള്ള തോതിൽ വാങ്ങാനുള്ള മാർഗ്ഗമില്ലാതാകുന്നു.
ഒരു കിലോ തക്കാളിക്ക് 120 രൂപ, ചെറിയ ഉള്ളിക്ക് 200 രൂപയും ഇഞ്ചിക്ക് 300 രൂപയും ഒപ്പം അരിയുടെയും പലവ്യഞ്ജന സാധാനങ്ങളുടെയും വില ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. ഇ പോസ് മെഷീൻ തകരാർ മൂലം റേഷൻ കടകളിൽ കൂലിപണിക്കാരും തൊഴിലാളികളും പണി സമയം കഴിഞ്ഞെത്തിയാൽ മണിക്കുറുകൾ കാത്തു നിന്ന് തിരിച്ചു പോരേണ്ട ഗതികേടിലാണ് കേരളം.
സാധാരണക്കാരൻ്റെ ഏക ആശ്രയമായ റേഷനരി പോലും സമയത്തിന് കൊടുക്കാൻ കഴിയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഈ അവസരം മുതലെടുത്ത് സ്വകാര്യ അരി വ്യാപാരികൾ ലാഭം കൊയ്യുകയാണ്.
അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗ പാർട്ടിയെന്നവകാശപ്പെടുന്നവർ അദാനിക്ക് പാദസേവ ചെയ്യുന്നതിനിടയിൽ പാവപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് വില കൽപ്പിക്കുന്നില്ല എന്നതാണ് സത്യം. പാചക വാതക വില വർദ്ധനവും, വൈദ്യുതി ചാർജ്ജ് വർദ്ധനവും, വെള്ളക്കരം വർദ്ധനവും,
കൊണ്ടു പൊറുതിമുട്ടുന്ന ജനങ്ങൾക്ക് മേൽ കനത്ത പ്രഹരമാണ് ഈ വിലക്കയറ്റം നൽകുന്നത് ജനങ്ങൾ ഇത്രമേൽ ദുരിതക്കയത്തിലാകുന്ന സമയത്തും മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തും അഴിമതിയും പാഴ്ചെലവുകളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിരമായി സർക്കാർ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രയാസങ്ങളിൽ ഇടപെടണം, സപ്ലൈകോയും കൺസ്യൂമർ ഫെഡും പൊതുവിപണിയിലിടപ്പെടാനുള്ള തീരുമാനം ഉണ്ടാകണം,
സംസ്ഥാനത്തെ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളെയും മറ്റു പാവപ്പെട്ട ജനവിഭാഗങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിടുന്ന രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരും മുഖ്യമന്ത്രിയും ഭക്ഷ്യ വകുപ്പും കാര്യക്ഷമായി ഇടപെടണം.
വിലക്കയറ്റം ഒരു ഒറ്റപ്പെട്ട സംഭവമായി നിസ്സാരവത്ക്കരിക്കാനുള്ള നീക്കം മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala News Today