NATIONAL NEWS – ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നുള്ള സഭാസ്തംഭനം തുടരുന്നതിനിടെയാണിത്.
ചര്‍ച്ചയ്ക്ക് തയ്യാറാണ്. ചര്‍ച്ച നടത്താന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുന്നു.
സുപ്രധാന വിഷയത്തില്‍ രാജ്യം സത്യം അറിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പ്രക്ഷുബ്ധമായ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ ഇടപെടല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടും പ്രതിപക്ഷം വഴങ്ങാന്‍ തയ്യാറായിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കിയാല്‍ പോരാ പ്രധാനമന്ത്രിതന്നെ മറുപടി നല്‍കണമെന്നാണ് പ്രതിപക്ഷ നിലപാട്.
അതിനിടെ, രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ നടുത്തളത്തില്‍ ഇറങ്ങിയ എ.എ.പി എം.പി സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ അദ്ദേഹത്തോട് സീറ്റിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചിട്ടും അത് അവഗണിച്ചതോടെയാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യണമെന്ന പ്രമേയം പീയുഷ് ഗോയല്‍ അവതരിപ്പിച്ചത്. പ്രമേയം രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. തുടര്‍ന്നാണ് സഞ്ജയ് സിങ്ങിനെ സഭാ സമ്മേളനം അവസാനിക്കുംവരെ സസ്പെന്‍ഡ് ചെയ്തത്.
സഭാസ്തംഭനം ഒഴിവാക്കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നേരത്തെ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ മണിപ്പുര്‍ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പ്രധാനമന്ത്രി മോദിതന്നെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നുമുള്ള നിലപാടില്‍ ഖാര്‍ഗെ ഉറച്ചുനിന്നു.
അതിനിടെ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില ക്രമസമാധാനത്തകര്‍ച്ച ചൂണ്ടിക്കാട്ടി ബിജെപി എംപിമാരും പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.