KERALA NEWS TODAY PALAKKAD:പാലക്കാട് മലമ്പുഴയിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുന്നു. ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വനംവകുപ്പ് അറിയിച്ചു.ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആനയുടെ കാലിന്‍റെ എല്ലുകൾക്ക് പൊട്ടലില്ല. പുറമെയും പരിക്കുകളൊന്നുമില്ല.നടക്കാൻ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവിൽ മരുന്നുകളും മറ്റ് ചികിത്സയും നൽകുന്നുണ്ട്. അതേസമയം, ആനയ്ക്ക് മതിയായ ചികിത്സ നൽകണമെന്ന് ആനപ്രേമി സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വനം മന്ത്രിയ്ക്ക് പരാതി നൽകി.ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് ഇന്നലെ വനംവകുപ്പ് സര്‍ജൻ വ്യക്തമാക്കിയത്. നേരിട്ട് ഇടിയേറ്റതിന്‍റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തിൽ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ട്രെയിന്‍ വന്ന സമയത്ത് വേഗത്തില്‍ ഓടി വീണ് പരിക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തല്‍. ആനയുടെ പരിക്ക് ഗുരുതരമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കുശേഷമെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു.