ENTERTAINMENT NEWS:മലയാള സിനിമക്ക് നാഴികക്കല്ലുകളായി കാത്തുസൂക്ഷിക്കാവുന്ന നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള മെറിലാൻഡ് സിനിമാസ് നിർമ്മാണവും വിനീത് ശ്രീനിവാസൻ സംവിധാനവും നിർവഹിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്.പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്. നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ പ്യാരാ മേരാ വീരാ… എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.അമൃത് രാംനാഥ് ഈണമിട്ടിരിക്കുന്ന ഗാനത്തിനായി വരികൾ ഒരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസനും ആലപിച്ചിരിക്കുന്നത് സിദ്ധാർത്ഥ് ബശ്രുററുമാണ്. നിവിൻ പോളിയുടെ ഒരു കിടിലൻ പ്രകടനം ഈ ഗാനത്തിലൂടെ ഉണ്ടാകുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷ വെച്ചിരിക്കുന്നത്. വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ ഉറപ്പ് നൽകി എത്തുന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. വമ്പൻ ക്യാൻവാസിൽ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ 11ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.