Kerala News Today-കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ സഹോദരന് 34,000 രൂപ പിഴയും ഒരുദിവസത്തെ വെറും തടവും കോടതി ശിക്ഷവിധിച്ചു.
വാഹന ഉടമ ആലുവ സ്വദേശി റോഷനെതിരെ സെഷൻ 180 പ്രകാരം 5000 രൂപയും 199 എ പ്രകാരം 25,000 രൂപ പിഴയും കോടതി സമയം തീരുന്നതുവരെ ഒരുദിവസം വെറും തടവുമാണ് വിധിച്ചത്.
റോഷൻ്റെ ലൈസൻസ് മൂന്നുമാസത്തേക്കും വാഹനത്തിന്റെ ആർ.സി ഒരുവർഷത്തേക്കും സസ്പെൻഡ് ചെയ്യാനും ഉത്തരവായി.
ഏപ്രിലിൽ മോട്ടോർ വാഹന വകുപ്പ് ആലുവയിൽ പരിശോധന നടത്തുന്നതിനിടയിലാണ് വിദ്യാർത്ഥിയെ പിടികൂടിയത്.
ബൈക്കിൻ്റെ നമ്പർപ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസ് നിയമ നടപടികൾക്കായി കോടതിക്ക് കൈമാറി.
എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാഹന ഉടമയ്ക്ക് ശിക്ഷ വിധിച്ചത്. 30,000 രൂപയാണ് പിഴ വിധിച്ചത്.
നമ്പർപ്ലേറ്റ് ഇല്ലാത്തതിനാൽ 2000 രൂപയും കണ്ണാടി, ഇൻഡിക്കേറ്റർ എന്നിവ ഇല്ലാത്തതിനാൽ 500 രൂപ വീതവും സാരിഗാർഡ് ഊരിമാറ്റിയതിന് 1000 രൂപയും ചേർത്താണ് 34,000 പിഴ നൽകേണ്ടത്.
വാഹനമോടിച്ച വിദ്യാർത്ഥിക്കെതിരെ ജുവനൈൽ നിയമ നടപടി തുടരും. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ ഗതാഗത നിയമലംഘനം നടത്തുകയോ ചെയ്താൽ കുട്ടിയുടെ രക്ഷിതാവിനോ/വാഹന ഉടമയ്‌ക്കോ മോട്ടോർ വാഹനനിയമപ്രകാരം 25,000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കും.
കൂടാതെ വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. കുട്ടികൾ വാഹനം ഓടിച്ച് അപകടം സംഭവിച്ചാൽ ഇൻഷൂറൻസ് പരിരക്ഷ പോലും ലഭിക്കില്ല. വാഹനം ഓടിച്ച കുട്ടിക്ക് ഏഴ് വർഷം കഴിഞ്ഞ ശേഷമെ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
Kerala News Today