Kerala News Today-കോട്ടയം: മൂന്നു സർക്കാർ ഓഫീസുകളിൽ മോഷ്ടിക്കാൻ കയറിയ കള്ളന് കിട്ടിയത് 230 രൂപ.
വൈക്കത്തിനടത്ത് മറവന്തുരത്തിലെ മൂന്ന് സർക്കാർ ഓഫീസുകളിലാണ് കള്ളൻ കയറിയത്. ഷട്ടർ കുത്തിപ്പൊളിച്ചും വാതിൽ തകർത്തുമായിരുന്നു കള്ളൻ്റെ മോഷണശ്രമം.
മൂന്നിടത്തും കാര്യമായി പണമൊന്നും സൂക്ഷിക്കാതിരുന്നതാണ് കള്ളന് തിരിച്ചടിയായത്.
230 രൂപയും ഒരു ടർക്കിയും മാത്രമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.
കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ നിർവഹണവുമായി ബന്ധപ്പെട്ട വൈക്കം മറവൻതുരുത്തിൽ പ്രവർത്തിക്കുന്ന കിഫ്ബി ലാന്റ് അക്വിസേഷൻ ജില്ല ഓഫീസ്, കുലശേഖരമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ്, ഒരുമതിലിന് അപ്പുറം പ്രവർത്തിക്കുന്ന മറവൻതുരുത്ത് മൃഗാശുപത്രി എന്നിവടങ്ങളിലായിരുന്നു മോഷണ ശ്രമം.
കോട്ടയം ഇടുക്കി ജില്ലകളിലെ കിഫ്ബിയുടെ ഓഫീസ് ആണ് വൈക്കത്തേത്. കോടികളുടെ ഇടപാടുകൾ നടക്കുന്ന ഫയലുകൾ വലിച്ചുവാരിയിട്ട നിലയിലാണ്. പണം ഇടപാടുകൾ ഓൺലൈൻ വഴി ആയതിനാൽ ഓഫീസിൽ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. വില്ലേജ് ഓഫീസിലും മോഷണ ശ്രമം ഉണ്ടായി.
Kerala News Today