CRIME-ഭരത്പുർ : ഭൂമി തർക്കത്തെ തുടർന്ന യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി.
രാജസ്ഥാനിലെ ഭരത്പുർ ജില്ലയിലെ ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.
അദ്ദ സ്വദേശിയായ നിരപത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രോഷം പടരുകയാണ്.
ബയാനയിലെ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അദ്ദ ഗ്രാമത്തിൽ ബഹദൂർ സിങ്, അടാർ സിങ് ഗുർജർ എന്നിവരുടെ കുടുംബങ്ങൾ തമ്മിൽ ഏറെ നാളായി ഭൂമി തർക്കം നിലനിൽക്കുന്നുണ്ട്.
നാല് ദിവസം മുൻപു സദർ പൊലീസ് സ്‌റ്റേഷനിൽ ഇരുവിഭാഗവും ഇതുസംബന്ധിച്ച് പരാതി നൽകി. എന്നാൽ ഇന്നു രാവിലെ ഇരുവിഭാഗങ്ങളും വീണ്ടും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
ബഹദൂർ സിങ്ങിന്റെ കുടുംബം ട്രാക്ടറുമായി തർക്കഭൂമിയിൽ എത്തുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അടാർ സിങ് ഗുർജറിന്റെ ഭാഗത്തുനിന്നും സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും ഇവിടെയെത്തി. ഇതിനിടെ അടാർ സിങ്ങിനൊപ്പം ഇവിടെയെത്തിയ നിരപത് നിലത്തുകിടന്നു പ്രതിഷേധിച്ചപ്പോൾ മുകളിലൂടെ ട്രാക്ടർ കയറ്റിയിറക്കുകയായിരുന്നു.