KERALA NEWS TODAY – താമരശ്ശേരി: താമരശ്ശേരിയിൽ ബിരുദ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ.
പ്രതിയായ കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കുട്ടിയെ കാണാതായത്.
വ്യാഴാഴ്ച്ച രാത്രിയാണ് കുട്ടിയെ ചുരത്തിൽ വച്ച് പോലീസ് കണ്ടെത്തിയത്. പ്രതിയെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
താമരശേരിയിലെ സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു.
തുടർന്ന് കുട്ടി വീട്ടിൽ എത്തിയില്ല എന്ന് വീട്ടുകാർ അറിയിച്ചു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പോലീസിന് പരാതി നൽകി.
തുടർന്ന് താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ഒന്നിന് കുട്ടിയെ കണ്ടെത്തുന്നത്.