Kerala News Today-കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തിനാണ് ശിവശങ്കര്‍ അപേക്ഷ നല്‍കിയിരുന്നത്. ജാമ്യം തേടി ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂലൈയിലാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. അതിനിടെയാണ് ഇടക്കാല ജാമ്യത്തിനായി ശിവശങ്കര്‍ വിചാരണക്കോടതിയെ സമീപിച്ചത്.
കലൂരിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൂന്ന് മാസം ഇടക്കാല ജാമ്യം നൽകണമെന്നായിരുന്നു ശിവശങ്കറിൻ്റെ ആവശ്യം. സുപ്രീം കോടതിയുടെ പരിഗണനയിൽ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷയിരിക്കേ കീഴ്‌ക്കോടതിയിൽ ഇത്തരമൊരു ജാമ്യാപേക്ഷ പരിഗണിക്കാൻ കഴിയുമോയെന്നാണ് കോടതി ആദ്യം പരിഗണിച്ചത്. അക്കാര്യത്തിൽ ഒരു സംശയവും കോടതി പ്രകടിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് അദ്ദേഹം കോടതിയിൽ വാദിച്ച മറ്റൊരു പ്രധാന കാര്യം. എന്നാൽ നിലവിൽ പ്രഷറിനും കൊളസ്‌ട്രോളിനും ഷുഗറിനും മാത്രമാണ് അദ്ദേഹം മരുന്ന് കഴിക്കുന്നത് എന്നാണ് ഇഡി കോടതിയെ അറിയിച്ചത്.
അതുകൂടി കണക്കിലെടുത്ത് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വിലിയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത്. അടുത്ത മാസമാണ് ശിവശങ്കറിൻ്റെ സ്ഥിരം ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. ലൈഫ് മിഷന്‍ കേസിലെ അറസ്റ്റ് രാഷ്ട്രീയ അടവിൻ്റെ ഭാഗമാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Kerala News Today