Latest Malayalam News - മലയാളം വാർത്തകൾ

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി സച്ചിൻ പൈലറ്റ്

National News-ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം തുടരുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. യുവാക്കൾ ദുഃഖിക്കുമ്പോൾ രാജ്യത്ത് സന്തോഷമുണ്ടാകില്ലെന്നും നിഷ്പക്ഷമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു. സിപിഎം നേതാവ് സുഭാഷിണി അലി ഉൾപ്പടെയുള്ള വനിതാ നേതാക്കളും സമര പന്തലിലെത്തി താരങ്ങൾക്ക് പിന്തുണ അറിയിച്ചു.

ഗുസ്തി താരങ്ങൾക്കുള്ള നീതി വൈകുന്നതിന് പിന്നിൽ ആരുടെ സമ്മർദ്ദമാണെന്ന് സച്ചിൻ ചോദിച്ചു. കഴിഞ്ഞ 26 ദിവസമായി രാജ്യത്തിൻ്റെ അഭിമാനമായ നമ്മുടെ കായിക താരങ്ങൾ ജന്തർമന്തറിൽ ധർണയിലാണ്. ഗുസ്തി താരങ്ങൾക്ക് രാജ്യത്തിൻ്റെ പിന്തുണയുണ്ട്. എന്നാൽ ജുഡീഷ്യൽ നടപടി സ്വീകരിക്കാൻ വൈകുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് ഈ കാലതാമസം വരുന്നതെന്ന് മനസിലാകുന്നില്ല.

യുവാക്കളും കർഷകരും ഗുസ്തി താരങ്ങളും ദുരിതത്തിലായാൽ രാജ്യത്തിന് സന്തോഷമായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അന്തർദേശീയ വേദികളിൽ മെഡലുകൾ നേടി രാജ്യത്തിൻ്റെ അഭിമാനം ഉയർത്തുന്ന നമ്മുടെ യുവ കായിക താരങ്ങളുടെ വേദന നിങ്ങൾ കേൾക്കണം. സർക്കാരും ഭരണ സംവിധാനവും താരങ്ങളുടെ പരാതികൾ പരിഗണിച്ച് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.

 

 

 

 

National News

Leave A Reply

Your email address will not be published.