Latest Malayalam News - മലയാളം വാർത്തകൾ

കെ ആര്‍ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ഡയറക്ടര്‍ പി ആര്‍ ജിജോയ്

Kerala News Today-തിരുവനന്തപുരം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ഡയറക്ടറായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ജിജോയ് പി.ആർ നിയമിതനായി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്ര വിഭാഗം ഡീനിൻ്റെ ചുമതല വഹിച്ചിരുന്നു. ചലച്ചിത്ര-നാടക പ്രവർത്തകനും നടനും ആയ ജിജോയ് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ വിഭാഗം അസോസിയേറ്റ് പ്രഫസറാണ്. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ഒന്നാംനിരയിലേക്ക് ഉയർത്താൻ വേണ്ടിയാണ് പുതിയ നിയമനമെന്ന് മന്ത്രി ആർ.ബിന്ദു പ്രസ്താവനയിൽ അറിയിച്ചു.

ജാതി അധിക്ഷേപ വിവാദത്തെത്തുടര്‍ന്ന് ശങ്കര്‍ മോഹന്‍ രാജിവച്ച ഒഴിവിലാണ് നിയമനം. വിഖ്യാത ചലച്ചിത്രകാരന്‍ സയീദ് മിര്‍സയെ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ ഡയറക്ടര്‍ നിയമനം. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ ജിജോയ് പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്ന് റാങ്കോടെ ഡ്രാമ ആന്‍ഡ് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്.

അമ്പത്തഞ്ച് ചലച്ചിത്രങ്ങളിലും നാല്പത് നാടകങ്ങളിലും ഇരുപത്തഞ്ച് ഹ്രസ്വചിത്രങ്ങളിലും പത്ത് സീരിയലുകളിലും വേഷമണിഞ്ഞിട്ടുണ്ട്. നാല് വന്‍കരകളിലായി നാന്നൂറ് അന്താരാഷ്ട്ര നാടകമേളകളില്‍ അഭിനേതാവായി പങ്കാളിയായി. നാലു വര്‍ഷക്കാലം സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ അധ്യാപകനുമായിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൻ്റെ യുവ കലാകാര സ്‌കോളര്‍ഷിപ്പും നേടിയിട്ടുള്ള ജിജോയ് 2014 മുതല്‍ എഫ്.ടി.ഐ.ഐ അധ്യാപകനാണ്.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.