Kerala News Today-തിരുവനന്തപുരം: പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ച് ഇന്ന് രാവിലെ 10 മുതൽ വെള്ളിയാഴ്ച വൈകീട്ട് 4 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം.
അലോട്ട്മെന്റ് വിവരം www.admisson.dge.kerala.gov.in ൽ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിൽ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ 18ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി വിവിധ ക്വോട്ടകളിൽനിന്ന് മെറിറ്റിലേക്ക് മാറ്റിയത് ഉൾപ്പെടെ 45,394 സീറ്റുകളാണുള്ളത്. ഇതിലേക്ക് അപേക്ഷിച്ച 68,739 അപേക്ഷകളിൽ 67,596 എണ്ണമാണ് അലോട്ട്മെന്റിന് പരിഗണിച്ചത്.
സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ച ശേഷം മറ്റ് ക്വോട്ടകളിൽ പ്രവേശനം നേടിയ 194 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റു കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 949 അപേക്ഷകളും പരിഗണിച്ചിട്ടില്ല.
സംവരണ തത്ത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന ഒഴിവുകൾ ജില്ല ഒരു യൂനിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്.
Kerala News Today